കോട്ടയം> തർക്കം മൂലം എംജി സർവകലാശാലയിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന പിളർപ്പിലേക്ക്. എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ഈയിടെ നടത്തിയ അനാവശ്യ സമരമാണ് സംഘടനയെ പിളർപ്പിന്റെ വക്കിൽ എത്തിച്ചത്. സംഘടനയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് മുൻ ഭാരവാഹികളായ ഡി പ്രകാശ്, സന്ധ്യ ജി കുറുപ്പ് എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. നാല് സജീവ പ്രവർത്തകർ സംഘടനയിൽ നിന്ന് രാജിവച്ച് ഇടതുപക്ഷ സംഘടനയായ എംജി സർവകലാശാല എംപ്ലോയീസ് അസോസിയേഷനിൽ അംഗത്വമെടുത്തു.
കോൺഗ്രസ് അനുകൂല സംഘടനയിൽ മുതിർന്ന നേതാക്കളടക്കം കുറച്ചുനാളായി രാജിക്ക് സന്നദ്ധരായി നിൽക്കുകയായിരുന്നു. ഇവരിൽ ചിലർ പുതിയ സംഘടന രൂപീകരിക്കാനും ശ്രമം നടത്തുന്നുണ്ട്. സംഘടനയുടെ തെറ്റായ നടപടികളെ ന്യായീകരിക്കാതിരുന്ന വനിതാ നേതാവിനെ സംഘടനയുടെ വാട്സാപ്പ് കൂട്ടായ്മയിൽ മോശമായി ചിത്രീകരിച്ചു. ഇതിനെതിരെ ചിലർ ശക്തമായി പ്രതിഷേധിച്ചത് പ്രശ്നങ്ങൾക്ക് ആഴം കൂട്ടി.
യൂണിയൻ ഓഫീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമാണ് പെട്ടെന്നൊരു പൊട്ടിത്തെറിക്ക് കാരണമായത്. സർവകലാശാല അനുവദിച്ച ഓഫീസ് മുറി നിസാരമായ കാരണങ്ങൾ പറഞ്ഞ് സ്വീകരിച്ചില്ല. സൗകര്യപ്രദമായ ബിഎ ഹാൾ അനുവദിച്ചിരുന്ന കാര്യം പൊതുസമൂഹത്തിൽ നിന്ന് മറച്ചുവച്ചുകൊണ്ട് കൂടുതൽ മുറികൾ ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. ഭൂരിഭാഗം അണികളും ഈ സമരത്തെ പിന്തുണച്ചില്ല.
അണികളുടെ പിന്തുണ നഷ്ടപ്പെട്ടപ്പോൾ, സമരത്തിന് ആളെ കൂട്ടാനായി വിരമിച്ച മുൻ നേതാക്കളെയും പ്രവർത്തകരെയും സമരത്തിന് കൊണ്ടുവന്നു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് വിവാദമുണ്ടാക്കി. ഒടുവിൽ അതേ ബിഎ ഹാൾ തന്നെ സ്വീകരിച്ചുകൊണ്ട് സമരത്തിൽനിന്ന് യൂണിയൻ പിൻവാങ്ങി. പിന്നീട്, സമരം വിജയിച്ചെന്ന് വരുത്തിതീർക്കാനായി നേതാക്കളുടെ ശ്രമം. ഇത് അണികൾക്കിടയിൽ വ്യാപക വിമർശനത്തിനു വഴിയൊരുക്കി. വിശ്വാസ്യത നഷ്ടപ്പെട്ട യൂണിയൻ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് അണികൾ രാജിക്ക് മുതിരുന്നത്.