ന്യൂഡൽഹി: വനിതാ ഐപിഎൽ വേണമെന്ന് ഇന്ത്യൻ വനിതാ ടി20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സമ്മർദ്ദ ഘട്ടങ്ങളിൽ സ്വയം മെച്ചപ്പെടാൻ അത് ആഭ്യന്തര താരങ്ങൾക്ക് നിരവധി അവസരങ്ങൾ നൽകുമെന്ന് ക്യാപ്റ്റൻ പറഞ്ഞു. ഓസ്ട്രേലിക്കെതിരായ രണ്ടാം ടി20 മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർമൻപ്രീത് കൗർ.
“ഇന്ന് താലിയ മഗ്രാത്ത് ബാറ്റ് ചെയ്ത രീതി നോക്കിയാൽ, ബിഗ് ബാഷ് ലീഗ് പോലുള്ള ഒരു ടൂർണമെന്റിൽ നിന്നും അവർക്ക് ലഭിക്കുന്ന ആത്മവിശ്വാസം നമുക്ക് കാണാൻ കഴിയും. അവർ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തയ്യാറാണ്,” കൗർ മത്സരശേഷം പറഞ്ഞു.
“അവർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം കളിച്ചിട്ടില്ലെങ്കിലും ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്നതിന് മുമ്പ് നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. (പേസർ) രേണുക സിംഗിനെപ്പോലെ ഉയർന്ന തലത്തിൽ അധികം ക്രിക്കറ്റ് കളിക്കാത്ത കുറച്ച് യുവ കളിക്കാർ നമുക്കുണ്ട്.”
“ആഭ്യന്തര ക്രിക്കറ്റിൽ രേണുക നന്നായി കളിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോഴും അത്ര പരിചയസമ്പത്ത് ഇല്ല. വനിതാ ഐപിഎൽ ഉണ്ടെങ്കിൽ, ആഭ്യന്തര കളിക്കാർക്ക് സമ്മർദ്ദത്തിൽ സ്വയം മെച്ചപ്പെടാൻ ധാരാളം അവസരങ്ങൾ ലഭിക്കും.”
കഴിഞ്ഞ രേണുക 19 -ാം ഓവറിൽ 13 റൺസ് വഴങ്ങിയിരുന്നു, അതാണ് മത്സരം ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കിയത്.
ഈ വനിതാ ബിഗ് ബാഷിൽ എട്ട് ഇന്ത്യൻ താരങ്ങൾ കളിക്കുന്നുണ്ട്. കൂടാതെ ചില പ്രമുഖ താരങ്ങൾ യുകെയിലെ ഹൺഡ്രഡ് ബോൾ ടൂര്‍ണമെന്റിലും പങ്കെടുക്കുന്നുണ്ട്.
ഐപിഎൽ കളിക്കുന്ന യുവ താരങ്ങൾക്ക് ലോക ക്രിക്കറ്റിന്റെ അതെ രീതിയിൽ കളിയ്ക്കാൻ സാധിക്കുന്നു എന്നും കൗർ പറഞ്ഞു.
Also Read: ഈ മൂന്ന് താരങ്ങളെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തണം; നിര്‍ദേശവുമായി സേവാഗ്
ഒരു യുവ പ്രതിഭയുടെ കളി കാണുമ്പോൾ പോലും, അവരുടെ കളിയിലെ പക്വത നമുക്ക് കാണാൻ കഴിയും. അപ്പോഴേക്കും അവർ കുറഞ്ഞത് 40-50 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ടാകും.
“ഞങ്ങൾ ഇപ്പോൾ പിന്നിലാകാനുള്ള ഒരേയൊരു കാരണം അതാണെന്ന് ഞാൻ കരുതുന്നു. ഐപിഎൽ പോലുള്ള ഒരു ആഭ്യന്തര ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിച്ചാൽ, അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നതിനു ഞങ്ങൾ തീർച്ചയായും മെച്ചപ്പെടും.”
ഓസ്ട്രേലിയയിൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്തുന്നതിന് മുമ്പ് അവർക്ക് ബിഗ്ൽ ബാഷിൽ 20-30 മത്സരങ്ങൾ കളിക്കുന്നു. ഇത് നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കുകയും കൂടുതൽ അനുഭവസമ്പത്ത് നൽകുകയും ചെയ്യും,” കൗർ കൂട്ടിച്ചേർത്തു.
The post വനിതാ ഐപിഎൽ വേണം; ഇന്ത്യൻ ടി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ appeared first on Indian Express Malayalam.