കോഴിക്കോട്> രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഭരിക്കുന്ന രാഷ്ട്രീയ പാർടിയുടെ പ്രചാരണത്തിനുള്ള ഉപകരണങ്ങളായി മാറിയിരിക്കുകയാണെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനകീയ കൂട്ടായ്മയിൽ ഒരുങ്ങുന്ന ‘ചലോ ടിവി’യുടെ ഉദ്ഘാടനം കോഴിക്കോട് ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് മുഖ്യധാരാ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശിലെ കർഷക കൊലപാതകം മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി നോക്കിയാൽ അത് വ്യക്തമാകും. കർഷകർ അക്രമാസക്തരായി മന്ത്രിപുത്രന്റെ കാറ് തകർക്കാൻ ശ്രമിച്ചു എന്ന രീതിയിൽ തെറ്റായ വ്യാഖ്യാനങ്ങൾ നൽകാനാണ് മത്സരിച്ചത്. അതുവഴി ബിജെപിയെയും മന്ത്രിയെയും സംരക്ഷിക്കുകയായിരുന്നു മാധ്യമങ്ങൾ.
ഷാരൂഖ് ഖാന്റെ മകൻ മയക്ക് മരുന്ന് കേസിൽ പിടിയിലായതിന് പുറകെ നിരന്തരം കഥകൾ മെനയുന്നതിന് പിന്നിലും അജൻഡകളുണ്ട്. വളരെയേറെ പ്രാധാന്യമുള്ള യുപിയിലെ കർഷക കൊലപാതക വാർത്തയിൽനിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനായാണ് മയക്കുമരുന്ന് വാർത്തക്ക് പുറകെ അമിത താൽപ്പര്യത്തിൽ ഓടുന്നത്. രാജ്യം ഭരിക്കുന്ന ബിജെപിക്കായി ന്യൂനപക്ഷത്തിനും മറ്റു വിഭാഗങ്ങൾക്കുമെതിരെ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുകയാണ്. ജനങ്ങളുടെ കൂട്ടായ്മയിൽ പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മാധ്യമങ്ങൾ ഉണ്ടാവേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പി ടി ജോൺ അധ്യക്ഷനായി. കെ അജിത, അഡ്വ. പി എ പൗരൻ, അമ്പിളി വയനാട്, അഡ്വ. ജോൺ ജോസഫ്, പി ടി ഹരിദാസ് എന്നിവർ സംസാരിച്ചു. എൻ വി കരുണാകരൻ സ്വാഗതം പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പകരുന്ന പരിപാടികളും സംഘടിപ്പിച്ചു.