അർച്ചന 31 നോട്ടൗട്ടിലൂടെ സംവിധായകനായ അഖിൽ അനിൽകുമാർ ആദ്യമായി പ്രവർത്തിക്കുന്ന ഒരു സിനിമാ സെറ്റ് സ്വന്തം സിനിമയുടേതാണ്. സംവിധായകർക്കൊപ്പം സഹായിയാകാതെ സംവിധായകനായ കഥ പറയുന്നു അഖിൽ
അഖിൽ അനിൽകുമാർ
മലയാള സിനിമയിലേക്ക് ഒരു പുതിയ സംവിധായകൻകൂടി എത്തുന്നു. പാലക്കാട് ഒലവക്കോട് സ്വദേശി അഖിൽ അനിൽ കുമാർ. ഉടൻ റിലീസിന് ഒരുങ്ങുന്ന, ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായ അർച്ചന 31 നോട്ടൗട്ടിന്റെ സംവിധായകൻ. ദേവിക പ്ലസ്ടു ബയോളജിയടക്കമുള്ള ശ്രദ്ധേയമായ ഷോർട്ട് ഫിലിമുകൾ ചെയ്ത അനുഭവവുമായാണ് അഖിൽ തന്റെ ആദ്യ സിനിമ ഒരുക്കിയത്. സ്വയംപഠിച്ച പാഠങ്ങളിലൂടെ ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച അഖിൽ സംസാരിക്കുന്നു…
ആദ്യ തിരക്കഥ സിനിമയാക്കി
ആദ്യമായി എഴുതിയ തിരക്കഥയാണ് അർച്ചനയുടേത്. അത് സിനിമയാക്കുകയായിരുന്നു. മാർട്ടിൻ പ്രക്കാട്ട് നിർമിക്കാമെന്നു പറഞ്ഞപ്പോൾ സിനിമയുടെ തലംതന്നെ മാറി. അപ്പോഴാണ് രണ്ടു സുഹൃത്തുക്കൾ തിരക്കഥാരചനയുടെ ഭാഗമായത്. നേരത്തെ തയ്യാറായിരുന്ന തിരക്കഥയുടെ കരടിൽ ഇവർ എത്തിയശേഷം കൂട്ടിച്ചേർക്കൽ വരുത്തി. അഞ്ച് ഷോർട്ട് ഫിലിം ചെയ്തു. മൂന്നാമത്തെ ഷോർട്ട് ഫിലിം കഴിഞ്ഞശേഷമാണ് സിനിമ ചെയ്യാൻ തോന്നിയത്. മൂന്നാമത്തെ ഷോർട്ട് ഫിലിമിനുശേഷം തിരക്കഥ എഴുതാൻ തുടങ്ങി.
‘സിനിമ പഠിക്കാൻ കഴിയും, പഠിപ്പിക്കാനാകില്ല’
തിരക്കഥ എഴുതാൻ അറിയില്ലായിരുന്നു. പിന്നീടത് സ്വയംപഠിച്ചു. കഥ പറയുമ്പോൾ പോരായ്മകൾ നോക്കി തിരുത്തിയും കൂട്ടിച്ചേർത്തുമാണ് തിരക്കഥ ഒരുക്കിയത്. ഒരു സിനിമയുടെ സെറ്റിൽ ആദ്യമായി ജോലി ചെയ്യുന്നത് അർച്ചനയുടെ ചിത്രീകരണത്തിലാണ്. സിനിമ പഠിക്കുന്നത് ശരിക്കും അർച്ചന ചെയ്തുകൊണ്ടാണ്. മുമ്പ് ചെയ്ത ഷോർട്ട് ഫിലിമുകൾ ഗുണമായിട്ടുണ്ട്. പക്ഷേ, അത് മറ്റൊരു അനുഭവമായിരുന്നു. ചെയ്യുന്ന ഓരോ കാര്യവും പുതിയതാണ്. എല്ലാം വ്യത്യസ്ത അനുഭവം. സിനിമ പഠിക്കാൻ പോയാൽ നടക്കുമെന്ന് തോന്നിയില്ല. അതിനാലാണ് അസിസ്റ്റ് ചെയ്യാൻ പോകാതെയിരുന്നത്.
പരിസരങ്ങളിലെ കാഴ്ച
നമ്മുടെ നാട്ടിൽ നടക്കുന്ന, കാണുന്ന സംഭവങ്ങളാണ് സിനിമ. കല്യാണവുമായി നടക്കുന്ന കാര്യങ്ങൾ, കല്യാണ ആലോചനകൾ, കല്യാണ കോമഡികൾ, അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന പ്രശ്നങ്ങൾ–- അങ്ങനെ പരിചിതമായ സംഭവങ്ങൾ സിനിമയാക്കുകയായിരുന്നു. കാറ്ററിങ്ങിനൊക്കെ ഒരുപാട് പോയിരുന്നു. വിവാഹവീടുകൾ, അവിടെയുള്ള അന്തരീക്ഷവുമൊക്കെ അങ്ങനെ നല്ല പരിചയമാണ്. അതെല്ലാമാണ് അർച്ചനയിലേക്കും അതിലെ കേന്ദ്ര കഥാപാത്രത്തിലേക്കും എത്തിയത്. ചുറ്റം കാണുന്നവരിൽനിന്നാണ് കഥാപാത്രങ്ങൾ രൂപപ്പെടുന്നത്.
ഉള്ളടക്കത്തോട് നീതിപുലർത്തണം
സിനിമയ്ക്ക് ഒരു ഹീറോ വേണം, അവരുടെ ഡേറ്റ് കിട്ടണം. അതിനായി കാത്തിരിക്കണം അങ്ങനെയുള്ള താൽപ്പര്യങ്ങളില്ല. ഒരു പ്രത്യേക ആർട്ടിസ്റ്റ് വേണമെന്നുമില്ല. ഒരു കഥ കിട്ടി, അത് തിരക്കഥയിലെത്തിച്ച് അത് ചെയ്യാനുള്ള ഊർജം കിട്ടും. അപ്പോൾ തന്നെ അത് ചെയ്യണമെന്ന് തോന്നും. അപ്പോൾ സിനിമ ചെയ്യാൻ ഒരു ഊർജവും ഹരവുമുണ്ടാകും. അങ്ങനെ വരുമ്പോൾ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതിനാണ് താൽപ്പര്യം. എനിക്ക് കഥയാണ് പ്രധാനം. പിന്നെ മേക്കിങ് വരണം. പിന്നെയാണ് ബാക്കി കാര്യങ്ങൾ. സ്ത്രീകഥാപാത്രത്തെ മുൻനിർത്തിയുള്ള സിനിമ ചെയ്യണമെന്ന് തീരുമാനിച്ച് ചെയ്തതല്ല. കഥയാണ് ഉണ്ടായത്. അതിന് അനുസരിച്ച് ചെയ്യുകയായിരുന്നു. സിനിമ ചെയ്യുന്നത് എപ്പോഴും ഉള്ളടക്കത്തോട് നീതി പുലർത്താനാകണം. പോസ്റ്ററും ടീസറും വേറെ കൊടുത്തിട്ട് ഉള്ളടക്കം വേറെയാക്കുന്നത് ശരിയല്ല. അതിനാൽ സിനിമയോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് പോസ്റ്ററടക്കം തയ്യാറാക്കിയത്.
പുതിയ സിനിമ
ആന്തോളജി സിനിമയാണ്. അഞ്ച് സിനിമയിൽ ഒരെണ്ണം ചെയ്തു. അര മണിക്കൂറുള്ള സിനിമയാണ്. അതിന്റെ ചിത്രീകരണം പൂർത്തിയായി.