മുംബൈ
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ ബിജെപി നേതാവ് മോഹിത് കംബോജിന്റെ ഭാര്യാ സഹോദരന് റിഷഭ് സച്ച്ദേവിനെ പിടികൂടിയശേഷം എൻസിബി വിട്ടയച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പറഞ്ഞു. മൂന്നുപേരെ ഇത്തരത്തിൽ വിട്ടെന്നും ഇവരുടെ പേര് ശനിയാഴ്ച വെളിപ്പെടുത്തുമെന്നും കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു. മോഹിത് കംബോജ് മുംബൈ യുവമോര്‍ച്ച മുന്‍ അധ്യക്ഷനാണ്. റെയ്ഡില്‍ പിടികൂടിയവരുടെ ദൃശ്യങ്ങളും നവാബ് മാലിക് പുറത്തുവിട്ടു. എൻസിബി ഉദ്യോഗസ്ഥരെന്ന പേരിൽ ആര്യൻഖാൻ അടക്കമുള്ളവരെ അനുഗമിക്കുന്നത് ബിജെപിക്കാരാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിനിടെ, കേസുമായിബന്ധപ്പെട്ട് സിനിമാ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫീസിലും നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തി. ആര്യൻഖാൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തപ്പോൾ ഇംതിയാസിന്റെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും ഇംതിയാസിനെതിരെ ആരോപണമുയർന്നിരുന്നു. ആര്യന്റെ ഡ്രൈവറെയും എൻസിബി ശനിയാഴ്ച ചോദ്യം ചെയ്തു.