പാലക്കാട്
കഞ്ചാവുവേട്ടയ്ക്ക് പോയി മലമ്പുഴ ഉള്‍വനത്തില്‍ കുടുങ്ങിയ 14 അംഗ പൊലീസ് സംഘം 35 മണിക്കൂറിനുശേഷം തിരികെയെത്തി. കനത്ത മഴയും ജിപിഎസ് തകരാറുമാണ് മടക്കയാത്ര തടസ്സപ്പെടുത്തിയത്.
മലമ്പുഴയിൽനിന്ന് 20 കിലോമീറ്ററോളം അകലെ ആനയും പുലിയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശത്ത് രാത്രി മുഴുവൻ കഴിയേണ്ടിവന്നു.
ശനി രാവിലെ അഞ്ചുമുതൽ വനപാലകസംഘം ആറ് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിലാണ് കഞ്ചിക്കോട് വാളയാർമേഖലയിൽ ആട്ടുമലച്ചോലയിലെ വെള്ളച്ചാട്ടത്തിനു സമീപം പൊലീസ് സംഘത്തെ കണ്ടത്.
പാറപ്പെട്ടി ഊരിനുസമീപം കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നർകോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്റെ നേതൃത്വത്തിൽ മലമ്പുഴ സിഐ, വാളയർ എസ്ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് അംഗങ്ങൾ എന്നിവർ വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്ക് വനത്തിലേക്ക് പോയത്.
വാളയാർ സെക്ഷൻ ഓഫീസർ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വച്ചർമാരും അടങ്ങുന്ന രണ്ട് സംഘം തിരച്ചിലില്‍ പങ്കെടുത്തു.