കൽപ്പറ്റ
തെരഞ്ഞെടുപ്പിൽ മൂന്നരക്കോടി എത്തിച്ചതിന്റെ തെളിവുകൾ പുറത്തായതോടെ വയനാട് ബിജെപിയിൽ ആഭ്യന്തരകലഹം മൂർച്ഛിച്ചു. കെ സുരേന്ദ്രന്റെ അച്ചടക്കവാൾ ലംഘിച്ച് എതിർവിഭാഗം ചീരാലിൽ രഹസ്യയോഗം ചേർന്നു. സുരേന്ദ്രൻ ഏകപക്ഷീയമായി ജില്ലാ പ്രസിഡന്റായി നിയോഗിച്ച കെ പി മധുവിന്റെ സ്ഥാനാരോഹണ ചടങ്ങ് പ്രധാന നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും ബഹിഷ്കരിച്ചു. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്, മാറ്റിയ പ്രസിഡന്റ് സജി ശങ്കർ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയി.
ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസിഡന്റിന്റെ ചുമതലയേൽക്കൽ ചടങ്ങിൽനിന്ന് വിട്ടുനിന്നു. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ പിന്തുണയോടെയാണ് വിമതപക്ഷം പടയൊരുക്കം ശക്തമാക്കിയത്.
തെരഞ്ഞെടുപ്പിനെത്തിച്ച മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിൽ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന കെ പി മധുവിനെ ജില്ലാ പ്രസിഡന്റാക്കിയതാണ് കലാപം രൂക്ഷമാക്കിയത്. തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ചയും സി കെ ജാനുവിനെ മത്സരിപ്പിക്കാൻ കോഴ നൽകിയതും സംഘടനാസംവിധാനത്തെ ഏറെ ശിഥിലമാക്കി.