കൊല്ലം: കയർ തൊഴിലാളികളുടെ വീട്ടിൽ ചകിരി എത്തിച്ചും ഉത്പന്നങ്ങൾ കയർഫെഡിൽ എത്തിക്കുന്ന പിക്അപ്പ് വാൻ ഓടിച്ചുമാണ് ശൈലേഷ് ജീവിതം മുന്നോട്ട് നയിക്കുന്നത്. പേരിനൊപ്പം ഒരു ഡോക്ടറേറ്റ് ഉണ്ടെന്നതും മുൻപ് കോളേജ് അധ്യാപകനായിരുന്നുവെന്നതും ഈ പണി ചെയ്യാൻ ശൈലേഷിന് തടസ്സമല്ല. 35 കിലോയുടെ ഒരുകെട്ട് എത്തിച്ചാൽ 30 രൂപയാണ് വരുമാനം. കയർ ഉത്പന്നങ്ങൾ സംഘങ്ങളിലും വിപണികളിലും എത്തിക്കും. ഇതോടെ ചെറുതെങ്കിലും ഒരു മാസവരുമാനമായി. രണ്ട് സ്വകാര്യ കോളേജുകളിൽ അധ്യാപകനായിരുന്നുവെങ്കിലും ആ ജോലി ഉപേക്ഷിച്ചാണ് കയർ മേഖലിൽ എത്തിയത്.
ഗസ്റ്റ് ലക്ചറർ പോസ്റ്റിൽ ജോലി ചെയ്ത് ശമ്പളം കിട്ടാതെവന്നതോടെയാണ് ഈ ജോലിയിലേക്ക് തിരിഞ്ഞത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും മറ്റൊരു ജോലിക്ക് ശൈലേഷ് ശ്രമിച്ചില്ല. സ്ഥിരമായി ഒരു ജോലി കിട്ടിയാൽ മാത്രം അതിനെക്കുറിച്ച് ചിന്തിക്കാമെന്നാണ് ശൈലേഷിന്റെ തീരുമാനം. 2016ൽ ആണ് ശൈലേഷിന് എം.ജി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നത്. ഹിന്ദി സാഹിത്യകാരി ഉഷ പ്രിയംവതയുടെ നോവലുകളിലെ ഇന്ത്യൻ സ്ത്രീയുടെ മാറുന്ന മുഖം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ഹിന്ദിയിൽ ബി.എഡും എംഫിലും വിദ്യാഭ്യാസയോഗ്യതയാണ്.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലും കായംകുളം എം.എസ്.എം കോളേജിലും പഠിപ്പിച്ചു. പഠനകാലത്ത് തന്നെ കയർ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു ശൈലേഷ്. നവോദയ ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്ന കാലത്താണ് കയർ ബോർഡും നെഹ്റു യുവകേന്ദ്രയും ചേർന്ന് സംഘടിപ്പിച്ച ഒരു തൊഴിൽ പരിശീലന പരിപാടിയിൽ ശൈലേഷ് അധ്യാപകനായത്. ഇതോടെ കയർ വ്യവസായവുമായി അടുത്തു. പിന്നീട് കൊറ്റമ്പള്ളിയിൽ നവോദയ കയർ വ്യവസായ സഹകരണസംഘം രൂപീകരിച്ചു. 65 ഇലക്ട്രോണിക് റാട്ട് വീടുകളിലും 10 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ സംഘത്തിലും ലഭ്യമാക്കി.
സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് ശൈലേഷ്. ഇന്ന് മൂന്ന് വിഭാഗങ്ങളിലായി നൂറിനടുത്ത് തൊഴിലാളികളാണ് സൊസൈറ്റിയുടെ കയർ വ്യവസായ കേന്ദ്രത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ ഒരു ചെറിയ യൂണിറ്റിൽ തൊഴിലാളികൾ വീട്ടിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവിടെ തൊഴിലാളികൾക്ക് വേണ്ടുന്ന ചകിരി വാഹനത്തിൽ കയറ്റി എത്തിച്ചുകൊടുക്കുന്നത് ശൈലേഷാണ്. കോളേജ് അധ്യാപകനായിരുന്ന തനിക്ക് ഈ ജോലി ചെയ്യുമ്പോൾ കഷ്ടപ്പെട്ട് പഠിച്ചത് വെറുതേ ആയിപ്പോയെന്ന തോന്നലേയില്ല.
Content Highlights: holds doctorate but sailesh is not doing a white collar job