തിരുവനന്തപുരം> ടെക്കി ജീവനക്കാർക്കിടയിൽ നടത്തിയ സർവേയിൽ ഭൂരിഭാഗത്തിന്റെ പിന്തുണ ഹൈബ്രിഡ് മാതൃകക്ക്. നിശ്ചിത ദിവസം ഓഫീസിലും ശേഷിക്കുന്ന ദിവസങ്ങളിൽ വീട്ടിലുമിരുന്ന് ജോലിയെന്ന ‘ഹൈബ്രിഡ്’ മാതൃകയെ പിന്തുണയ്ക്കുന്നവർ 53 ശതമാനമാണ്. വർക് ഫ്രം ഹോം തുടരട്ടെ എന്ന അഭിപ്രായം 36 ശതമാനത്തിനു മാത്രമാണ്. പൂർണമായും ഓഫീസിലേക്കെന്ന പഴയ രീതിക്ക് പിന്തുണ 11 ശതമാനം മാത്രവും.
കോവിഡ് കാലഘട്ടത്തിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് ഐ ടി ജീവനക്കാരുടെ പ്രതികരണം അറിയുന്നതിന്റെ ഭാഗമായാണ് ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ ‘പ്രതിധ്വനി’യുടെ വർക്ക് ഫ്രം ഹോം സർവേ നടത്തിയത്. കോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതൽ, ഏകദേശം രണ്ടു വർഷമായി ഐ.ടി. ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി. മറ്റു പല തൊഴിൽ മേഖലകളിലും ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും ഐടി യിലെ ‘വർക് ഫ്രം ഹോം’ തുടരുകയാണ്.
322 ഐ.ടി. കമ്പനികളിൽനിന്നുള്ള 3819 ഐ ടി ജീവനക്കാരാണ് സർവേയിൽ പങ്കാളികളായത്. കേരളത്തിലെ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവയ്ക്കൊപ്പം ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും ജീവനക്കാരുടെ പങ്കാളിത്തം സർവേയിലുണ്ടായി. പങ്കെടുത്തവരിൽ 36% വനിതകളും 64% പുരുഷന്മാരുമാണ്. ഓരോരുത്തരുടെയും പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ എൻട്രി ലെവൽ (0 to 4 years)-18% , മിഡ് ലെവൽ (4 to 8 years)-33%, സീനിയർ ലെവൽ (8+ years)-48% എന്നിങ്ങനെയാണ് ജീവനക്കാർ പങ്കെടുത്തത്.
ഹൈബ്രിഡ് മാതൃകയിൽ ആഴ്ചയിൽ ചില ദിവസങ്ങൾ ഓഫീസിലെന്ന് 45 ശതമാനം പറയുന്നു. മാസത്തിൽ ചില ദിവസങ്ങളെന്നാണ് 47 ശതമാനത്തിന്റെ അഭിപ്രായം. വല്ലപ്പോഴുമെന്ന് 8 ശതമാനം പേർ നിർദേശിക്കുന്നു.
ജോലിയും വീടും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നുവെന്നതാണ് വർക് ഫ്രം ഹോം പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ജോലി ചെയ്യാം, കൂടുതൽ വർക്ക് – ലൈഫ് ബാലൻസ്, യാത്രാ സമയം ലാഭിക്കാമെന്നതെല്ലാം പലരും നേട്ടങ്ങളായി പറയുന്നു.