ആലപ്പുഴ: പൊതിച്ചോറിലെ കറികളെക്കുറിച്ചുള്ള വിവാദം ജനകീയ ഹോട്ടലുകൾക്കു തുണയായി. മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറിൽ ആവശ്യത്തിനു കറികളില്ലെന്ന് ഒരു ചാനലിൽ വന്ന വാർത്തയാണു വിവാദത്തിനു തിരികൊളുത്തിയത്. ഇതോടെ കഴിക്കുന്നവരുടെ എണ്ണം കൂടുകയായിരുന്നു.
ചൊവ്വാഴ്ച 1,74,348 പേർക്കാണു ഭക്ഷണം വിളമ്പിയത്. ബുധനാഴ്ച ഇത് 1,79,681-ഉം വ്യാഴാഴ്ച 1,80,032-ഉം ആയി ഉയർന്നു. ആലപ്പുഴയിലാണ് ഏറ്റവുംകൂടുതൽ പേർ ഭക്ഷണം വാങ്ങിയത്. 2,500 പേർ ഈ ദിവസങ്ങളിൽ അധികമായി ഭക്ഷണം വാങ്ങി. രണ്ടായിരത്തോളം അധികം ഊണുകൾ നൽകി എറണാകുളവും 700-ഓളം ഊണുകൾ കൂടുതൽ വിളമ്പി പാലക്കാടും പിന്നിലുണ്ട്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേർക്കു പ്രതിദിനം ഭക്ഷണം നൽകിവരുന്നത്. 27,774 ഊണുകൾ വ്യാഴാഴ്ച മാത്രം വിറ്റു. തിരുവനന്തപുരം (22,490), മലപ്പുറം (18,891) ജില്ലകൾ രണ്ടുംമൂന്നും സ്ഥാനത്തുണ്ട്.
വിശപ്പുരഹിത കേരളം എന്ന ലക്ഷ്യമിട്ടാണു ജനകീയ ഹോട്ടലുകൾ തുടങ്ങിയത്.
20 രൂപയ്ക്കു തനി നാടൻ ഊണു നൽകുന്ന പദ്ധതി കുടുംബശ്രീയാണു നടത്തിവരുന്നത്. ഊണ് ഒന്നിന് 10 രൂപ നിരക്കിൽ സർക്കാർ സബ്സിഡിയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നത്.
വരുംദിവസങ്ങളിലും കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണു കുടുംബശ്രീ വനിതകൾ. സംസ്ഥാനത്ത് 1,095 ജനകീയ ഹോട്ടലുകളാണുള്ളത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡോ. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച് ആരംഭിച്ചതാണിവ. ആയിരമാണ് ഉദ്ദേശിച്ചതെങ്കിലും മികച്ച പ്രതികരണം ഉണ്ടായതോടെ ഇതിലും കവിയുകയായിരുന്നു