കരാകസ്
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ ഫുട്ബോളിൽ ബ്രസീലിന് ഉജ്വലജയം. അർജന്റീനയെ പരാഗ്വേ തളച്ചു (0–-0). പിന്നിട്ടുനിന്നശേഷം രണ്ടാംപകുതി മൂന്നെണ്ണമടിച്ച് ബ്രസീൽ വെനസ്വേലയെ തകർത്തു (3–-1). മാർകീന്വോസ്, ഗബ്രിയേൽ ബാർബോസ, ആന്റണി എന്നിവരാണ് ബ്രസീലിനായി ഗോളടിച്ചത്. ലാറ്റിനമേരിക്കൻ റൗണ്ടിൽ കളിച്ച ഒമ്പതിലും ജയിച്ച് 27 പോയിന്റുമായി ഒന്നാമത് തുടരുകയാണ് ടിറ്റെയുടെ ബ്രസീൽ. അർജന്റീനയാണ് രണ്ടാമത് (19).
സസ്പെൻഷനിലായ നെയ്മറും പരിക്കേറ്റ കാസെമിറോയും ഇല്ലാതെയെത്തിയ ബ്രസീൽ വെനസ്വേലയ്ക്കെതിരെ തുടക്കം പതറി. 11–-ാംമിനിറ്റിൽ എറിക് റാമിറെസിലൂടെ വെനസ്വേല മുന്നിലെത്തി. രണ്ടാംപകുതിയിൽ പകരക്കാരനായെത്തിയ റാഫീന്യയാണ് ബ്രസീലിനെ ഉണർത്തിയത്. മാർകീന്വോസിന്റെയും ആന്റണിയുടെയും ഗോളുകൾക്ക് വഴിയൊരുക്കിയത് റാഫീന്യയാണ്. പെനൽറ്റിയിലൂടെയാണ് ബാർബോസയുടെ ഗോളെത്തിയത്. തിങ്കൾ പുലർച്ചെ കൊളംബിയയുമായാണ് കാനറികളുടെ അടുത്ത കളി.
ലയണൽ മെസി ഉൾപ്പെടെ പ്രമുഖരുമായെത്തിയ അർജന്റീനയ്ക്ക് പരാഗ്വേയ്ക്കെതിരെ മിന്നാനായില്ല. എട്ട് രക്ഷപ്പെടുത്തലുകൾ നടത്തിയ ഗോൾകീപ്പർ ആന്റണി സിൽവയാണ് പരാഗ്വേയുടെ രക്ഷകനായത്. തിങ്കൾ പുലർച്ചെ ഉറുഗ്വേയുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.