ന്യൂഡൽഹി
ലഖിംപുർ -ഖേരിയിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാതെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര. വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആശിഷ് മിശ്രയ്ക്ക് യുപി പൊലീസ് വ്യാഴാഴ്ച സമൻസ് അയച്ചിരുന്നു. എന്നാൽ, ഇയാൾ ഹാജരായില്ല.
വെള്ളിയാഴ്ച പൊതുതാൽപ്പര്യഹർജി പരിഗണിച്ച സുപ്രീംകോടതി പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതിന്റെ പേരിൽ യുപി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചതിനു പിന്നാലെ, ആശിഷ് താമസിക്കുന്ന കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ വസതിക്കു പുറത്ത് പൊലീസ് പുതിയ സമൻസ് പതിപ്പിച്ചു. ശനിയാഴ്ച പകൽ 11ന് ഹാജരാകാനാണ് പുതിയ സമൻസിലെ നിർദേശം. ഹാജരായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സമൻസിലുണ്ട്.
അതേസമയം, മകൻ ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് മന്ത്രി അജയ് മിശ്ര പറഞ്ഞു. മകൻ നിരപരാധിയാണ്. നിയമത്തിൽ പൂർണവിശ്വാസമുണ്ട്. വ്യാഴാഴ്ച നോട്ടീസ് കിട്ടിയെങ്കിലും സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചു. ശനിയാഴ്ച ഹാജരായി മൊഴിനൽകും. നിരപരാധിത്വം സ്ഥാപിക്കാനുള്ള തെളിവും കൈമാറുമെന്നും മന്ത്രി അവകാശപ്പെട്ടു. തുടർച്ചയായി സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത ആശിഷ് മിശ്ര നേപ്പാളിലേക്ക് രക്ഷപ്പെട്ടെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.