തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയിൽ കെപിസിസി അച്ചടക്ക നടപടി ആരംഭിച്ചു. പ്രചാരണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. കെപിസിസി നിയോഗിച്ച അന്വേഷണ സമതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികൾക്ക് തുടക്കം കുറിച്ചതെന്ന് പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ തലങ്ങളിൽ നിന്നും ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികൾ കെപിസിസി പ്രത്യേകമായി പരിശോധിക്കും. ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലേയും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശ്ശൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലേയും തോൽവി കൂടുതൽ വിശദമായി വിലയിരുത്താൻ കെ മോഹൻകുമാർ, പിജെ ജോയി, കെപി ധനപാലൻ എന്നിവരെ ചുമതലപ്പെടുത്തി.
സ്ഥാനാർത്ഥികൾക്ക് ദോഷകരമായി പ്രവർത്തിക്കുന്നതും തിരഞ്ഞെടുപ്പ് കാലത്ത് മാറിനിൽക്കുന്നതും സജീവമായി പ്രവർത്തിക്കാത്തതും കർശനമായി വിലയിരുത്തി നടപടികളുമായി മുന്നോട്ട് പോകും. സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കില്ല. നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും പാർട്ടിയുടെ നന്മക്കായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കെപിസിസി പ്രസിഡന്റ് അഭ്യർഥിച്ചു.
content highlights:show cause notice to 97 leaders, disciplinary action started in congress