സ്കൂൾ തുറക്കുമെങ്കിലും ഡിജിറ്റൽ ക്ലാസുകൾ തുടരും. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും. ഉച്ചഭക്ഷണം സ്കൂളിൻ്റെ സാഹചര്യം അനുസരിച്ച് നൽകും. സ്കൂൾ ബസിൻ്റെ അറ്റകുറ്റപ്പണികൾ ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും. ബോണ്ട് അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. അൺ എയ്ഡഡ് സ്കൂളുകളാണ് ബോണ്ട് സർവീസിനെ കൂടുതൽ ആശ്രയിക്കുന്നത്. ബസ് കൺസഷൻ തുടരും. സ്വകാര്യ ബസ് യൂണിയനുകളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗരേഖ തയ്യറാക്കി കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മാർഗരേഖ കൈമാറിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ പുറത്തിറക്കിയത്. കൊവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും അധ്യാപകർ സ്വീകരിച്ചിരിക്കണം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. സ്‌കൂളുകളില്‍ ആദ്യ ഘട്ടത്തില്‍ യൂണിഫോം, അസംബ്ലി എന്നിവ നിര്‍ബന്ധമാക്കില്ല. സ്കൂളിലെ ജീവനക്കാർ ബസിലെ ജീവനക്കാർ എന്നിവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.
വിപുലമായ അക്കാദമിക് കലണ്ടർ പുറത്തിറക്കും. കുട്ടികൾ കൂട്ടം കൂടുന്നുണ്ടോ എന്ന കാര്യം അധ്യാപകർ നിരീക്ഷിക്കണം. സ്കൂളുകളിൽ ആരോഗ്യസമിതി പ്രവർത്തിക്കുന്നതിനൊപ്പം ഡോക്ടറുടെ സേവനം ഉറപ്പാക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടിൾക്കാണ് ഇരിക്കാൻ അനുമതി. സ്റ്റുഡൻ്റ്സ് ഒൺലി ബസുകൾ ഓടിക്കും. ഓട്ടോയിൽ പരാമാവധി മൂന്ന് കുട്ടികൾക്ക് സഞ്ചരിക്കാമെന്നും വാർത്താസമ്മേളനത്തി മന്ത്രിമാർ വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, തദ്ദേശം, പട്ടികജാതി – പട്ടികവർഗവകുപ്പുകൾ സംയുക്തമായി മാർഗരേഖ നടപ്പിലാക്കും. സ്കൂൾ വൃത്തിയാക്കുന്നത് പ്രാധാന്യമുള്ള കാര്യമാണ്. ജനങ്ങളുടെ പങ്കാളിത്തത്തോടെ സ്കൂളുകൾ വൃത്തിയാക്കും. പ്രിൻസിപ്പൽ കൺ വീനറായി തദ്ദേശ സ്ഥാപന അധികൃതർ ഉൾപ്പെട്ടെ കമ്മിറ്റി രൂപീകരിക്കും. സ്കൂൾ പിടിഎ, ക്ലാസ് പിടിഎ ചേരും. അധ്യാപകർ വിദ്യാർഥികളുമായി നേരിട്ടു സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകൾക്ക് സമീപം പ്രവർത്തിക്കുന്ന കടകളിലും മറ്റുമുള്ള ഉടമകളും ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം. ബയോ ബബിൾ സംവിധാനം കണക്കിലെടുത്തായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. വീട്ടിൽ കൊവിഡ് കേസുകളുള്ള കുട്ടികൾ സ്കൂളിൽ എത്തേണ്ടതില്ല. ക്ലാസിൽ എത്തുന്ന കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് തിരിച്ചറിയാൻ പ്രത്യേക രജിസ്റ്റർ സംവിധാനം ഒരുക്കും. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സംശയദൂരീകരണത്തിന് പ്രത്യേക സംവിധാനമൊരുക്കും. വൂക്തി ശുചീകരണത്തിനും കൈ കഴുകുന്നതിനും മറ്റുമായി ഒരേ ക്ലാസുകൾക്ക് മുന്നിലും സൗകര്യമുണ്ടായിരിക്കും. കുട്ടികൾക്ക് മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. ഒരു ബെഞ്ചില്‍ ഒന്ന് മുതൽ 7 വരെ ക്ലാസുകളില്‍ പരമാവധി രണ്ട് കുട്ടികളെയാണ് അനുവദിക്കുക.