ന്യൂഡൽഹി
ഡിസംബറിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് (ആർഐഎംസി) പ്രവേശനപരീക്ഷ എഴുതാൻ സ്ത്രീകൾക്കും അവസരം നൽകണമെന്ന് സുപ്രീംകോടതി. പരീക്ഷാ ഒരുക്കം പൂർത്തിയായതിനാൽ 2022 ജൂണിൽ സൗകര്യമുണ്ടാക്കാമെന്ന കേന്ദ്രസർക്കാർ വാദം കോടതി അംഗീകരിച്ചില്ല. അങ്ങനെയായാൽ 2023 ജനുവരിയിലേ പ്രവേശനം ലഭിക്കുകയുള്ളൂ. അർഹരായവരുടെ ഒരുവർഷം നഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ആറുമാസത്തിനുള്ളിൽ ക്രമീകരണം ഏർപ്പെടുത്തിയാൽ മതിയെന്നും ജസ്റ്റിസ് എം എം സുന്ദരേഷ് കൂടി അംഗമായ ബെഞ്ച് നിർദേശിച്ചു.
ആർഐഎംസിയിലും അഞ്ച് രാഷ്ട്രീയ മിലിട്ടറി സ്കൂളിലും സ്ത്രീകൾക്കും പ്രവേശനം നൽകാമെന്ന് കേന്ദ്രം ബുധനാഴ്ച സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നവംബർ 14ന്റെ നാഷണൽ ഡിഫെൻസ് അക്കാദമി പരീക്ഷ എഴുതാൻ സ്ത്രീകൾക്ക് അവസരമൊരുക്കണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.