ന്യൂഡൽഹി
പരിസ്ഥിതി വിഷയങ്ങളിൽ ദേശീയ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാനും നടപടി സ്വീകരിക്കാനും അധികാരമുണ്ടെന്ന് സുപ്രീംകോടതി. കത്തുകളുടെയും നിവേദനങ്ങളുടെയും മാധ്യമറിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള വിശാല അധികാരം ഹരിത ട്രിബ്യൂണലിനുണ്ട്. ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടോയെന്ന ചോദ്യം ഉന്നയിച്ച നിരവധി ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് വാർത്താപോർട്ടൽ ‘ദി ക്വിന്റ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു.
കേരളത്തിൽ ജനവാസകേന്ദ്രങ്ങളിൽനിന്ന് ക്വാറികളുടെ ചുരുങ്ങിയ ദൂരപരിധി ദേശീയ ഹരിത ട്രിബ്യൂണൽ 200ൽനിന്ന് 50 മീറ്ററാക്കിയിരുന്നു. ഹരിത ട്രിബ്യൂണലിന്റെ ഈ നടപടിക്കെതിരെ ചില ക്വാറി ഉടമകളും സുപ്രീംകോടതിയെ സമീപിച്ചു. ഇതും കോടതി പരിഗണിച്ചു. ഭരണഘടനാസ്ഥാപനങ്ങൾക്ക് മാത്രമേ സ്വമേധയാ കേസെടുക്കാൻ അധികാരമുള്ളൂവെന്നും സ്റ്റാറ്റ്യൂട്ടറി ട്രിബ്യൂണലുകൾക്ക് അധികാരമില്ലെന്നുമുള്ള ഹർജിക്കാരുടെ വാദം തള്ളിയാണ് സുപ്രീംകോടതിയുടെ തീർപ്പ്.