കോഴിക്കോട് > തങ്ങൾക്ക് കഴിക്കാൻ മാറ്റിവെച്ച ഭക്ഷണം വാങ്ങി പോയവർ നട്ടാൽ മുളയ്ക്കാത്ത നുണ വാർത്ത പടച്ചുവിട്ടതിന്റെ ഞെട്ടലിലാണ് കോഴിക്കോട് രുചിക്കൂട്ട് ജനകീയ ഹോട്ടലിന്റെ സെക്രട്ടറി ശ്യാമള രാധാകൃഷ്ണൻ. കോവിഡ് തുടങ്ങിയത് മുതൽ നിർധനർക്കെല്ലാം ആശ്രയമായ ഈ ജനകീയ ഹോട്ടൽ സംരംഭത്തെ വ്യാജ വാർത്ത കൊണ്ട് ഇല്ലാതാക്കാൻ എങ്ങനെയാണ് തോന്നുന്നതെന്ന് ശ്യാമള ചോദിക്കുന്നു.
‘ഉച്ച ഭക്ഷണ തിരക്ക് കഴിഞ്ഞ് പകൽ മൂന്നരക്കാണ് അവർ വന്ന് ചോറ് ചോദിച്ചത്. ഞങ്ങൾ സംരംഭകർക്കും ജീവനക്കാർക്കും കഴിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. ഉപ്പേരിയെല്ലാം കുറവാണെന്ന് പറഞ്ഞപ്പോൾ അതുമതി എന്ന് പറഞ്ഞാണ് വാങ്ങിയത്. ഉള്ള ഉപ്പേരിയും അച്ചാറും രണ്ട് കറികളും വെച്ച് കൊടുത്തു, അതും വാങ്ങി ചിരിച്ചു കൊണ്ടു പോയവരാണ് അടുത്ത ദിവസം വെറും ചോറ് മാത്രമാണ് 20 രൂപയ്ക്കെന്ന് പറഞ്ഞ് വാർത്ത ഇട്ടത്. വല്ലാത്ത ചതിയാണിത്. എന്തിനാണ് അവരിത് ചെയ്തത്. മൂന്നാം കൊല്ലത്തിലേക്ക് കടക്കുന്ന ഈ സംരംഭത്തിനെതിരെ ഇതുവരെ ഒരാളും പരാതി പറഞ്ഞിട്ടില്ല.
കുടുംബശ്രീ മിഷന്റെയും കോഴിക്കോട് കോർപറേഷന്റെയും എല്ലാ സഹകരണവും നന്നായി ലഭിക്കുന്നു. ഇപ്പോഴും ദിവസം ആയിരത്തോളം പേർക്ക് ഭക്ഷണം നൽകുന്നു. നിർധനർ, കോവിഡ് രോഗികൾ, തെരുവിൽ നിന്ന് പുനരധിവസിപ്പിച്ചവർ തുടങ്ങി സമൂഹത്തിലെ ആശ്രയം വേണ്ടുന്നവരുടെ മനസും വയറും നിറയ്ക്കാനായിട്ടുണ്ട് ഇതുവരെ. തിന്ന അന്നത്തിന്റെ പേരിൽ തെറ്റായ വാർത്തയ്ക്കായി പോലും ഒരു ചതി ആരോടും ചെയ്യരുത്’.. ശ്യാമള പറയുന്നു. പിറ്റേ ദിവസം ഭക്ഷണം കഴിക്കാൻ വന്നവർ പറഞ്ഞാണ് തെറ്റായ വാർത്ത ചാനലിൽ വന്നത് അറിഞ്ഞത്. ചാനലിൽ പരാതിപ്പെട്ടപ്പോൾ വ്യക്തമായ മറുപടിയോ ഖേദപ്രകടനമോ നടത്തിയില്ലെന്നും അവർ പറഞ്ഞു.