മഴക്കാലത്ത് ഇരുചക്ര വാഹനങ്ങളിൽ കുടചൂടിയുള്ള യാത്ര പതിവാണ്. വാഹനം മുന്നോട്ട് നീങ്ങവെ കുടയിൽ കാറ്റുപിടിക്കുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കുന്നതും പതിവാണ്. ഇതു കണക്കിലെടുത്താണ് ഉത്തരവിറക്കിയിരിക്കുന്നത്.
1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 (എഫ്) പ്രകാരം കുട ചൂടിയുള്ള ഇരുചക്ര വാഹന യാത്ര ശിക്ഷാർഹമാണ്. കൂടാതെ 2017 ലെ മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 5 (6), 5 (17) എന്നിവയുടെ ലംഘനവുമാണ്. ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ പുറത്തിറക്കിയ ഉത്തരവിൽ പിഴ സംബന്ധിച്ച് വ്യക്തതയില്ല.
ഗതാഗത കമ്മീഷ്ണർ എം ആർ അജിത് കുമാറാണ് ആർടിഒമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിലെ നിയമ പ്രകാരം കുടചൂടിയുള്ള യാത്ര ശിക്ഷാർഹമാണ്. എന്നാൽ അത് കർശനമായി നടപ്പാക്കിയിരുന്നില്ല. അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുടചൂടി യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.