മാലി
ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ചരിത്രനേട്ടത്തിനരികെയാണ്. സാഫ് ഫുട്ബോളിലെ ആദ്യജയം തേടി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടുമ്പോൾ, ഛേത്രി ഗോളടിക്കുമോയെന്നാണ് ആകാംക്ഷ. വെെകിട്ട് നാലരയ്ക്കാണ് കളി.
രാജ്യാന്തര ഗോൾനേട്ടത്തിൽ ഇതിഹാസം പെലെയ്ക്കൊപ്പമെത്താനുള്ള സുവർണാവസരമാണ്. ഛേത്രി ഇന്ത്യക്കായി 121 കളിയിൽ 76 ഗോളടിച്ചു. പെലെ ബ്രസീലിനായി 92 കളിയിൽ 77 ഗോൾ. 111 (180 കളി) ഗോളുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുന്നിൽ. ഈ പട്ടികയിൽ എട്ടാംസ്ഥാനത്തെത്താനാണ് ഛേത്രിയുടെ ശ്രമം.
സാഫിലെ ആദ്യമത്സരത്തിൽ ബംഗ്ലാദേശിനോട് 1–1ന് സമനില വഴങ്ങിയ ക്ഷീണത്തിലാണ് ഇഗർ സ്റ്റിമച്ച് പരിശീലിപ്പിക്കുന്ന ഇന്ത്യ. മികച്ച അവസരങ്ങളുണ്ടായിട്ടും ബംഗ്ലാദേശിനെതിരെ ജയം നേടാനായില്ല. കൂട്ടായ കളി പുറത്തെടുക്കാനാകാതെ പതറി. ലങ്കയ്ക്കെതിരെ ആദ്യ പതിനൊന്നിൽ മാറ്റങ്ങളുണ്ടായേക്കും. ചെറുപാസുകളിലൂടെ മുന്നേറുക എന്ന തന്ത്രമാണ് ഇന്ത്യയുടേത്. ലോകറാങ്കിങ്ങിൽ 205–ാംസ്ഥാനത്താണ് ലങ്ക. ഇന്ത്യ 107–ാമതും.