ന്യൂഡൽഹി
കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നിയമസഭാ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിൽ. വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിൽ ലഖിംപുർ ഖേരിയിലെ നിഗാസനിൽ ആശിഷ് മിശ്രയെ സ്ഥാനാർഥിയാക്കാനായിരുന്നു ബിജെപി നീക്കം. ‘മോനു ഭയ്യാ’ എന്ന ആശിഷ് മിശ്രയെ പുകഴ്ത്തി ചുവരെഴുത്ത് ബിജെപി ആരംഭിച്ചിരുന്നുവെന്നും ‘ദി വയർ’ റിപ്പോർട്ട് ചെയ്തു.
ലഖിംപുർ ഖേരി ജില്ലയിലെ എട്ട് നിയമസഭ മണ്ഡലത്തിലും 2017ൽ ജയിച്ചത് ബിജെപിയാണ്. കർഷക കൊലപാതകത്തോടെ ആശിഷിനെതിരായ എതിർപ്പ് ജനങ്ങൾക്കിടയിൽ വർധിച്ചിട്ടുണ്ട്. പ്രാദേശിക മാധ്യമപ്രവർത്തകനായ രമൺ കശ്യപിന്റെ മരണവും രോഷം വർധിപ്പിച്ചു.
ആശിഷിന്റെ ഇടപെടലുകൾ നാട്ടുകാരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ഉരുളക്കിഴങ്ങ് മൊത്ത വ്യാപാരി അനുരാഗ് ചോപ്ര പറഞ്ഞു. കരിമ്പിന് ന്യായവില കിട്ടാത്തതിലും കർഷകർ പ്രതിഷേധത്തിലാണെന്ന് നാട്ടുകാരനായ ഉത്തംകുമാർ പറഞ്ഞു. അഞ്ചു വർഷത്തിൽ കരിമ്പ് ക്വിന്റലിന് സംഭരണവില 25 രൂപ മാത്രമാണ് കൂട്ടിയത്.
എന്നാല്‍, ആശിഷ് ജനകീയനാണെന്നും എതിരാളികൾ കള്ളക്കഥകൾ മെനയുകയാണെന്നുമാണ് ബിജെപി പ്രവർത്തകര്‍ അവകാശപ്പെടുന്നത്.