ലണ്ടൻ
ഇന്ത്യയിലെ ക്രൈസ്തവർ ഭയന്നാണ് ജീവിക്കുന്നതെന്ന് ബ്രിട്ടീഷ് പത്രം ദി ഗാർഡിയൻ. മതപരിവർത്തനം ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ ക്രൈസ്തവരെ നിരന്തരം വേട്ടയാടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഢിൽ ക്രിസ്തുമതം സ്വീകരിച്ച തമേഷ് വാർ സാഹു എന്നയാളുടെ വീട്ടിൽ ജൂലൈയിൽ നൂറോളം തീവ്രഹിന്ദുത്വവാദികൾ നടത്തിയ ആക്രമണം ലേഖനത്തിൽ വിവരിക്കുന്നു. ഛത്തീസ്ഗഢ് സന്ദര്‍ശിച്ച് ഗാര്ഡിയന് തെക്കേഷ്യൻ പ്രതിനിധി ഹന്നാഹ് എല്ലിസ് പീറ്റേഴ്സനാണ് ലേഖനം തയാറാക്കിയത്.
ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടതും ലേഖനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഈവർഷം ഇത്തരം ആക്രമണം വർധിച്ചു. നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി ആരോപിച്ച് ബിജെപിയുടെയും ബജ്രംഗ്ദളിന്റെയും നേതൃത്വത്തിലാണ് ആക്രമണങ്ങൾ. ഇതിന് പൊലീസ് സഹായവുമുണ്ട്. ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് അകാരണമായി സ്റ്റേഷനിലേക്ക് വരുത്തുകയും മർദിക്കുകയും കുർബാനയ്ക്കിടെ പള്ളികളിൽ കടന്നുകയറുകയും ചെയ്യുന്നു.
ആഗസ്തിൽ മാത്രം ഛത്തീസ്ഗഢിൽ പതിനഞ്ചോളം മതപരിവർത്തനവിരുദ്ധ റാലി നടന്നു. മതം മാറുന്നവർ ബജ്രംഗ്ദളിനെ ഭയക്കണമെന്ന സംസ്ഥാന കോ–-ഓർഡിനേറ്റർ ഋഷി മിശ്രയുടെ പ്രസ്താവനയും ലേഖനത്തിലുണ്ട്.