അബുദാബി: പ്ലേഓഫ് ഉറപ്പിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പ്ലേഓഫിൽ കടന്ന ബാംഗ്ലൂർ ടീമിൽ വലിയ മാറ്റങ്ങൾ ഇല്ലതെ ഇന്നത്തെ മത്സരത്തിന് ഇറങ്ങാനാണ് സാധ്യത. അതേസമയം ഹൈദെരാബാദ് രണ്ടാം ഘട്ടത്തിൽ ഇതുവരെ കളിക്കാൻ കഴിയാതിരുന്ന താരങ്ങൾക്ക് അവസരം നൽകിയേക്കും.
സൺറൈസേഴ്സ് ഹൈദരാബാദ്
ബാറ്റിങ്: സൺറൈസേഴ്സ് ഹൈദരാബാദിന് ഇന്നത്തെ മത്സരത്തിൽ അവരുടെ ബാറ്റിംഗ് നിരയിൽ ചില മാറ്റങ്ങൾ വരുത്താൻ കഴിയും. വൃദ്ധിമാൻ സാഹയ്ക്ക് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ശ്രീവത്സ് ഗോസ്വാമിയ്ക്ക് അവസരം നൽകിയേക്കും. സാഹയുടെ വിക്കറ്റ് കീപ്പിങിനെ സംബന്ധിച്ച് ആശങ്കകൾ ഇല്ലെങ്കിലും ബാറ്റിങ്ങിൽ സ്ഥിരത പുലർത്താത്തത് ടീം മാറി ചിന്തിക്കാൻ കാരണമായേക്കാം. ടൂർണമെന്റിന്റെ രണ്ടാം ഘട്ടത്തിൽ അവസരം ലഭിക്കാത്ത കളിക്കാർക്ക് അടുത്ത രണ്ടു മത്സരങ്ങളിൽ അവസരം ലഭിച്ചാലും അത്ഭുതപ്പെടാനില്ല.
ബൗളിങ്: ഭുവനേശ്വർ കുമാറിന് വിശ്രമം നൽകി ഇടംകൈയൻ പേസർ ഖലീൽ അഹമ്മദിനെയോ മലയാളി താരം ബേസിൽ തമ്പിയെയോ കളിപ്പിക്കുന്നത് ടീം പരിഗണിച്ചേക്കും. ഖലീൽ കുറച്ച് മത്സരങ്ങൾ കളിച്ചെങ്കിലും ബേസിൽ തമ്പി ഇതുവരെ ഒരു മത്സരത്തിലും ഇറങ്ങിയിട്ടില്ല. ലെഗ് സ്പിന്നർ റാഷിദ് ഖാനും ഓൾ റൗണ്ടർ ജേസൺ ഹോൾഡറും എസ്ആർഎച്ച് ബോളിങ്ങിന്റെ നേടും തൂണുകളായി തുടരും.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ബാറ്റിങ്: തുടർച്ചയായ മൂന്ന് ജയങ്ങളുമായി തിളങ്ങി നിൽക്കുന്ന വിരാട് കോഹ്‌ലിയുടെ ടീം ഏറെ ആത്മവിശ്വാസത്തിലായിരിക്കും. 16 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂർ ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചു ആദ്യ രണ്ടു സ്ഥാനങ്ങളിലേക്ക് എത്താനാകും ശ്രമിക്കുക.
അതുകൊണ്ട് നിലവിൽ ശക്തമായ ബാറ്റിങ് നിരയിൽ അഴിച്ചുപണികൾക്ക് കോഹ്ലി മുതിരുമെന്ന് തോന്നുന്നില്ല. മാറ്റങ്ങൾ ഇല്ലാതെയാകും ബാംഗ്ലൂർ ഇറങ്ങുക.
Also Read: IPL 2021: ഐപിഎൽ അരങ്ങേറ്റത്തിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഇരുപത്തൊന്നുകാരൻ
ബൗളിങ്: പേസർ മുഹമ്മദ് സിറാജിന് വിശ്രമം നൽകി നവദീപ് സൈനിയെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചിലപ്പോൾ കോഹ്ലി ചിന്തിച്ചേക്കാം. യുസ്വേന്ദ്ര ചാഹൽ ഫോമിൽ തിരിച്ചെത്തിയതോടെ ടീമിന്റെ ബൗളിങ് കൂടുതൽ സന്തുലിതമായിട്ടുണ്ട്.
ആർസിബി സാധ്യത ഇലവൻ: വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, ഡാൻ ക്രിസ്റ്റ്യൻ, ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ്, ഷഹബാസ് അഹമ്മദ്, എസ് ഭരത്, ജോർജ് ഗാർട്ടൻ, ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ, നവദീപ് സൈനി.
എസ്ആർഎച് സാധ്യത ഇലവൻ: കെയ്ൻ വില്യംസൺ, ജേസൺ റോയ്, ശ്രീവത്സ് ഗോസ്വാമി, പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ, അബ്ദുൽ സമദ്, ജെയ്സൺ ഹോൾഡർ, റാഷിദ് ഖാൻ, സിദ്ധാർത്ഥ് കൗൾ, ബേസിൽ തമ്പി, ഉംറാൻ മാലിക്.
The post IPL 2021, RCB vs SRH: പ്ലേഓഫ് ഉറപ്പിച്ച ബാംഗ്ലൂരും അവസാനക്കാരായ ഹൈദരാബാദും നേർക്കുനേർ; സാധ്യത ഇലവൻ അറിയാം appeared first on Indian Express Malayalam.