സാൻ സിറോ
യുവേഫ നേഷൻസ് കപ്പ് ഫുട്ബോൾ ആദ്യ സെമി ഇന്ന്. യൂറോ കപ്പ് ചാമ്പ്യൻമാരായ ഇറ്റലിയും സ്-പെയ്നും തമ്മിലാണ് ആദ്യ സെമി. രണ്ടാംസെമിയിൽ വ്യാഴാഴ്ച ബൽജിയവും ഫ്രാൻസും തമ്മിൽ കളിക്കും. യൂറോ കപ്പ് സെമിയിലെ തോൽവിക്ക് പകരമാണ് സ്-പെയ്നിന്റെ ലക്ഷ്യം. ഷൂട്ടൗട്ടിലായിരുന്നു യൂറോയിൽ ഇറ്റലി സ്-പെയ്നിനെ വീഴ്ത്തി മുന്നേറിയത്. ഫെെനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ചാമ്പ്യൻമാരാകുകയും ചെയ്തു.
തോൽവിയറിയാതെ കുതിക്കുകയാണ് റോബർട്ടോ മാൻസീനിയുടെ സംഘം. തോൽവിയറിയാതെ 37 മത്സരമാണ് ഇറ്റലി പൂർത്തിയാക്കിയത്. മറുവശത്ത്, ലൂയിസ് എൻറി-ക്വെ സമ്മർദത്തിലാണ്. സ്പാനിഷ് ലീഗിൽ വമ്പൻമാരായ ബാഴ്സലോണയുടെയും റയൽ മാഡ്രിഡിന്റെയും മോശം പ്രകടനം ദേശീയ ടീമിനെയും ബാധിച്ചു. കഴിഞ്ഞയാഴ്ച രണ്ട് ടീമുകളും ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും തോറ്റു.
ബാഴ്സ മധ്യനിരക്കാരൻ പെഡ്രി ഇന്ന് ഇറങ്ങില്ല. മാർകോസ് ലോറന്റെയ്ക്കും പരിക്കാണ്. പതിനേഴുകാരനായ ഗാവി സ്പാനിഷ് മധ്യനിരയിൽ ഇറങ്ങിയേക്കും. ഇറ്റലിക്ക് കരുത്തുറ്റ സംഘമാണ്. മാർകോ വെറാറ്റിയും ഫെഡെറികോ കിയേസയും നിക്കോളോ ബറെല്ലയും ജോർജിന്യോയും ഉൾപ്പെടുന്ന ഇറ്റാലിയൻ നിര സ്-പെയ്നിന് വെല്ലുവിളി ഉയർത്തും.