തിരുവനന്തപുരം
വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവ കേന്ദ്ര സർക്കാർ കുത്തനെ കൂട്ടി. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരും. പതിനഞ്ചുവർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കാൻ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ൽനിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്ക് രജിസ്ട്രേഷന് 2000 രൂപയും പുതുക്കാൻ 10,000 രൂപയും നൽകണം. ഇറക്കുമതിചെയ്ത കാർ രജിസ്ട്രേഷന് 5000 രൂപയും പുതുക്കാൻ 40,000 രൂപയും നൽകണം.
വർധിപ്പിച്ച മറ്റു നിരക്കുകൾ: മോട്ടോർ സൈക്കിൾ പുതിയ രജിസ്ട്രേഷൻ–-300, മുച്ചക്രവാഹനം–-600, രജിസ്ട്രേഷൻ പുതുക്കൽ–-2500. ലൈറ്റ് മോട്ടോർ വാഹനം: രജിസ്ട്രേഷൻ–-600, പുതുക്കൽ–-5000. രജിസ്ട്രേഷൻ പുതുക്കുന്നതിനു മുന്നോടിയായ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ഫീസും കുത്തനെ കൂട്ടി. ഇരുചക്രവാഹനം–– 400, ഓട്ടോറിക്ഷ-, കാർ, മീഡിയം ഗുഡ്സ്–– 800, ഹെവി–– 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകളിൽ നിരക്ക് വീണ്ടും ഉയരും.
പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ത്രീ വീലർ–– 3500, കാർ-–- 7500, മീഡിയം പാസഞ്ചർ -ഗുഡ്സ്–– 10,000, ഹെവി-–- 12,500 എന്നിങ്ങനെയാണ് നിരക്ക്. പുറമേ ഫിറ്റ്നസ് സെന്ററിന്റെ ഫീസും നൽകണം. കാലാവധി കഴിഞ്ഞ് പുതുക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ അധികം നൽകണം.