ന്യൂഡൽഹി
ലഖിംപുർ ഖേരിയിൽ മന്ത്രിപുത്രൻ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യവ്യാപകമായി. ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകരും സർവകലാശാല വിദ്യാർഥികളും അധ്യാപകരും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തിറങ്ങി.ദൗർഭാഗ്യകരമായ സംഭവത്തിന് ഉത്തരവാദികളായ ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കുക, മന്ത്രിയെയും മകൻ ആശിഷ്മിശ്രയെയും ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുപിയിൽ നിരവധിയിടത്ത് പ്രതിഷേധറാലികളും യോഗങ്ങളും നടന്നു. ബാന്ദ, ചിത്രകൂട്, മഹോബാ, ഹാമിർപുർ, ഫത്തേപുർ, ജലോൻ, ബുന്ദേൽഖണ്ഡ് മേഖലയിലെ ലളിത്പുർ, ഷാജഹാൻപുർ, പിലിഭിത്ത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകം ഗൊരഖ്പുർ എന്നിവിടങ്ങളിൽ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. സിതാപുരിൽ പ്രിയങ്ക ഗാന്ധിയെ തടവിലാക്കിയ ഗസ്റ്റ്ഹൗസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ഡൽഹിയിൽ സിൻഘു അതിർത്തിയിലെ കർഷകർ മൗനജാഥ സംഘടിപ്പിച്ചു. ഡൽഹി സർവകലാശാല വിദ്യാർഥികളും പ്രതിഷേധിച്ചു. പഞ്ചാബിലെ അമൃത്സറിൽ വിദ്യാർഥികളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ബിജെപി നേതാക്കളുടെ കോലം കത്തിച്ചു.
ഹരിയാനയിൽ കർഷകർ ശംഭു ടോൾപ്ലാസ ഉപരോധിച്ചു. ബികെയു നേതാവ് ഗുർണാംസിങ് ചടുണിയെ കസ്റ്റഡിയിൽ എടുത്തത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഷിംലയിൽ ഹിമാചൽകിസാൻസഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നു.
മുംബൈയിൽ വിവിധ രാഷ്ട്രീയപാർടികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ദാദർ ഈസ്റ്റ് റെയിൽവേസ്റ്റേഷനിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ, സിപിഐ മുംബൈ സെക്രട്ടറി പ്രകാശ്റെഡ്ഡി, എൻസിപി മുൻ എംഎൽഎ വിദ്യാചവാൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽസെക്രട്ടറി മറിയംധാവ്ളെ, സിഐടിയു സംസ്ഥാന സെക്രട്ടറി ഡോ. വിവേക് മൊണ്ടിറോ, സംവിധായകൻ ആനന്ദ്പട്വർധൻ തുടങ്ങിവർ സംസാരിച്ചു.