കലിഫോർണിയ
സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ ആഗോളതലത്തിൽ ആറ് മണിക്കൂർ നിശ്ചലമായതോടെ സിഇഒ മാർക്ക് സുക്കർബർഗിന് നഷ്ടമായത് 700 കോടി ഡോളർ (ഏകദേശം 52,162.56 കോടി രൂപ). ശതകോടീശ്വര പട്ടികയിൽ 12,160 കോടി ഡോളർ സമ്പാദ്യവുമായി മൂന്നാം സ്ഥാനത്തായിരുന്ന സുക്കർബർഗ് മണിക്കൂറുകൾകൊണ്ട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് 350 കോടിയിലധികം ഉപയോക്താക്കളെ ഇരുട്ടിലാക്കി ഫെയ്സ്ബുക്കിന്റെയും മറ്റ് സമൂഹമാധ്യമങ്ങളുടെയും സേവനം നിലച്ചത്. ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെ സേവനം പുനഃസ്ഥാപിച്ചു. ആദ്യമായാണ് മൂന്ന് പ്ലാറ്റ്ഫോമും ഒരുമിച്ച് പണിമുടക്കിയത്.
മണിക്കൂറുകളോളം അപ്രത്യക്ഷമായതോടെ വമ്പൻ കമ്പനികൾ ഉൾപ്പെടെ ഫെയ്സ്ബുക്കിൽ നൽകിയിരുന്ന പരസ്യം പിൻവലിച്ചു. തിങ്കളാഴ്ച സ്റ്റോക്ക് മാർക്കറ്റിൽ ഫെയ്സ്ബുക്കിന്റെ ഓഹരിക്ക് അഞ്ചു ശതമാനം ഇടിഞ്ഞിരുന്നു. ഇതോടെ സെപ്തംബറിൽ ആകെയുണ്ടായ ഇടിവ് 15 ശതമാനമായി. വിദ്വേഷവും ധ്രുവീകരണവും വർധിപ്പിക്കുന്ന പോസ്റ്റുകൾ പ്രോത്സാഹിപ്പിച്ച് ഫെയ്സ്ബുക്ക് ലാഭം കൊയ്യുന്നെന്ന് മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പെടുത്തി മണിക്കൂറുകൾക്കകമായിരുന്നു ഫെയ്സ്ബുക്കിന്റെ ‘അപ്രത്യക്ഷമാകലെ’ന്നതും ശ്രദ്ധേയമാണ്. തൊട്ടുപിന്നാലെ, ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കുന്നെന്ന ആരോപണവും ഉയർന്നു. എന്നാൽ, ആഭ്യന്തര സെർവറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റൗട്ടറുകളിലെ കോൺഫിഗറേഷൻ പാളിയതാണ് പ്രശ്നത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്ത്യയിൽ 41 കോടി ഫെയ്സ്ബുക്ക്, 53 കോടി വാട്സാപ്, 21 കോടി ഇൻസ്റ്റഗ്രാം ഉപയോക്താക്കളുണ്ടെന്നാണ് വിവരം. ഇവയുടെ പ്രവർത്തനം നിലച്ചതോടെ ട്വിറ്റർ പോലുള്ള പ്ലാറ്റ്ഫോമുകളിൽ തിരക്കേറി. ചില രാജ്യങ്ങളിൽ സ്വകാര്യ മൊബൈൽ നെറ്റ്വർക്കുകളും ഇന്റർനെറ്റ് സേവനദാതാക്കളും ഇതേസമയം പണിമുടക്കിയതും ആശങ്കയ്ക്കിടയാക്കി.