തിരുവനന്തപുരം
മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധിപ്പിച്ച് കെപിസിസി അധ്യക്ഷൻ “കെ സുധാകര’നെ നിയമസഭാ ചർച്ചയിലെത്തിക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പ്രമേയം അവതരിപ്പിച്ച പി ടി തോമസാണ് കെ സുധാകരന്റെ പേര് ആദ്യം പരാമർശിച്ചത്. തട്ടിപ്പുമായി സുധാകരന് ബന്ധമില്ലെന്നു പറഞ്ഞ് വിഷയം ചർച്ചയാക്കുകയായിരുന്നു. അടിയന്തരമായി ചർച്ച ചെയ്യേണ്ട ഒരു വിഷയവും ‘അടിയന്തര പ്രമേയ’ത്തിൽ അദ്ദേഹം ഉന്നയിച്ചില്ല. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഒരു തുമ്പും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കിട്ടിയില്ല. പിന്നെന്തിനാണ് പ്രമേയം കൊണ്ടുവന്നതെന്ന സംശയമാണ് ബാക്കി.
അതേസമയം, ഫോട്ടോയിൽ ഒന്നിച്ച് പ്രതികളോ ക്രിമിനലുകളോ ഉണ്ടെന്നു പറഞ്ഞ് ഒരാരോപണത്തിനും തങ്ങളില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. തുടർച്ചയായി സന്ദർശിച്ചവരെക്കുറിച്ച് മൗനവും പാലിച്ചു. കെ സുധാകരൻ ചികിത്സയ്ക്ക് പോയത് സംബന്ധിച്ച് മന്ത്രി പി രാജീവ് ചോദ്യമുന്നയിച്ചപ്പോഴും തന്ത്രപരമായി ഒഴിഞ്ഞുമാറി.
മറുപടിയിൽ പ്രതിപക്ഷത്തെ ചിലരുടെ ഗൂഢലക്ഷ്യത്തെ മുഖ്യമന്ത്രി തുറന്നുകാണിച്ചു. ‘‘കെപിസിസി അധ്യക്ഷനെക്കുറിച്ച് പി ടി തോമസ് പറഞ്ഞത് കേട്ടു. പെട്ടെന്ന് ഒരുൾവിളിയുണ്ടായത് എന്താണ് എന്നറിയില്ല. ഏതായാലും കോൺഗ്രസിനകത്തെ പ്രശ്നം ഇവിടത്തെ ചെലവിൽ പരിഹരിക്കാൻ നോക്കരുത്’’–- മുഖ്യമന്ത്രി പറഞ്ഞു.
സുധാകരൻ 10 ദിവസം താമസിച്ചിട്ടില്ലെന്ന് വി ഡി സതീശൻ
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ ചികിത്സയ്ക്ക് 10 ദിവസം താമസിച്ചെന്നതൊക്കെ മാധ്യമങ്ങൾ കഥ മെനയുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ‘മികച്ച ഇമേജി’ൽ നിൽക്കുന്ന നേതാവിനെ തകർക്കാനുള്ള ശ്രമമാണ്. സുധാകരൻ മാത്രമല്ല അനവധിപേർ അവിടെ പോയിട്ടുണ്ട്. സൗന്ദര്യവർധക ചികിത്സ മോശമല്ല. കേരളത്തിന് വലിയ സാധ്യതയുള്ള മേഖലയാണ്. തട്ടിപ്പുകാരനെന്നറിയാതെ അവിടെ ചികിത്സിച്ചിട്ടുണ്ടാകാം. സുധാകരനെക്കുറിച്ച് എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാം. പരാതിക്കാരും തട്ടിപ്പുകാരാണെന്നും അവരെക്കുറിച്ചും അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.