ഷാർജ
രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തകർത്ത് മുംബെെ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഒരു കളിശേഷിക്കെ 12 പോയിന്റുമായി മുംബെെ അഞ്ചാമതെത്തി. രാജസ്ഥാന്റെ സാധ്യത മങ്ങി.
മുംബെെ ബൗളിങ് നിരയ്ക്ക് മുന്നിൽ തകർന്ന രാജസ്ഥാൻ 9–90 റണ്ണെന്ന നിലയിൽ അവസാനിച്ചു. 8.2 ഓവറിൽ മുംബെെ ലക്ഷ്യം കണ്ടു. 25 പന്തിൽ 50 റണ്ണുമായി പുറത്താകാതെനിന്ന ഇഷാൻ കിഷനാണ് മുംബെെക്ക് മിന്നുംജയമൊരുക്കിയത്. രോഹിത് ശർമ 13 പന്തിൽ 22 റണ്ണെടുത്തു. മുംബൈ പേസർമാരാണ് രാജസ്ഥാന്റെ അടിവേരിളക്കിയത്. നതാൻ കൂൾടർനൈൽ നാലും ജിമ്മി നീഷം മൂന്നും വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര രണ്ടെണ്ണം നേടി. ഒന്നിന് 41 എന്ന നിലയിൽനിന്നായിരുന്നു രാജസ്ഥാന്റെ വീഴ്ച. ഓപ്പണർ എവിൻ ലൂയിസാണ് (19 പന്തിൽ 24) ടോപ്–സ്–കോറർ. സഞ്ജു സാംസൺ മൂന്ന് റണ്ണെടുത്ത് മടങ്ങി.
ഡൽഹി, ചെന്നെെ, ബാംഗ്ലൂർ ടീമുകളാണ് പ്ലേ ഓഫ് ഉറപ്പാക്കിയത്. 12 പോയിന്റുള്ള കൊൽക്കത്തയാണ് നാലാമത്. അവസാന മത്സരത്തിൽ രാജസ്ഥാൻ കൊൽക്കത്തയെയും മുംബെെ ഹെെദാരാബാദിനെയും നേരിടും. മികച്ച റൺനിരക്കുള്ള കൊൽക്കത്തയ്ക്ക് അവസാന കളി ജയിച്ചാൽ പ്ലേ ഓ-ഫിൽ കടക്കാം. പഞ്ചാബ്, മുംബെെ, രാജസ്ഥാൻ ടീമുകൾക്ക് റൺനിരക്കും നിർണായകമാണ്. പഞ്ചാബിന് അവസാന കളിയിൽ ചെന്നെെയാണ് എതിരാളികൾ.