തിരുവനന്തപുരം: അച്ചടക്കം പാലിക്കണമെന്ന് വിമർശിച്ച പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ കാര്യങ്ങളിൽ പൊതുപ്രസ്താവന നടത്തണമെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന നേതൃത്വവുമായി ആലോചിക്കണമെന്നത് സിപിഐയുടെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. അതിനെ കുറിച്ച് മാത്രമാണ് താൻ പറഞ്ഞതെന്നും പാർട്ടി ജനറൽ സെക്രട്ടറിക്കെതിരേ പരസ്യ വിമർശനം നടത്തിയിട്ടില്ലെന്നും കാനം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പരസ്യ വിമർശനം നടത്തി എന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഒരു വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രമേയുള്ളു. രാഷ്ട്രീയ കാര്യങ്ങളല്ലാതെയുള്ള ബഹുജന പ്രശ്നങ്ങളിൽ പാർട്ടി ബഹുജന സംഘടനകളുടെ നേതാക്കൾക്ക് അഭിപ്രായപ്രകടനങ്ങൾ നടത്താവുന്നതാണെന്നും കാനം പറഞ്ഞു.
അച്ചടക്ക ലംഘനമുണ്ടെങ്കിൽ തനിക്കെതിരേ നടപടിയെടുക്കണ്ടേയെന്നും കാനം ചോദിച്ചു. അത്തരമൊരു നടപടി ഇതുവരെ പാർട്ടി എടുത്തിട്ടില്ല. അതിനുള്ള അവസരം കഴിഞ്ഞ 50 വർഷമായി താൻ ഉണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു.
സംസ്ഥാന പോലീസിനെതിരായആനി രാജയുടെ വിമർശനമാണ് പാർട്ടി സംസ്ഥാന നേതൃത്വത്തേയും ദേശീയ നേതൃത്വത്തേയും രണ്ട് ധ്രുവങ്ങളിലാക്കിയത്. ആനി രാജയുടെ പ്രസ്താവന സിപിഐ ദേശീയ എക്സിക്യൂട്ടീവ് തള്ളിക്കളഞ്ഞിട്ടുംരാജ നടത്തിയ അനുകൂല പ്രതികരണമാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. രാജയ്ക്കെതിരായ കാനത്തിന്റെ പരസ്യ പരാമർശത്തെ സിപിഐ ദേശീയ നിർവാഹക സമിതി അപലപിച്ചിരുന്നു.ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അംഗീകരിക്കില്ലെന്നും പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നുംരാജ പറഞ്ഞിരുന്നു.
Content Highlights:Kanam Rajendrans reply to D Raja