ന്യൂഡൽഹി > അസമിലെ ദരാങ്ങിൽ കുടിയൊഴിപ്പിക്കലെന്ന പേരിൽ കർഷക കുടുംബങ്ങൾക്കുനേരെ ഉണ്ടായ പൊലീസ് അതിക്രമം ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ, ലോയേഴ്സ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.
രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുക, കർഷകരെ പുനരധിവസിപ്പിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുക, പരിക്കേറ്റവർക്ക് ധനസഹായം നൽകുക, സ്ഥലത്ത് സ്കൂളുകളും അങ്കണവാടികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളും നേതാക്കൾ ഉന്നയിച്ചു.
കിസാൻസഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ, കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വി ശിവദാസൻ എംപി, അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ പ്രസിഡന്റ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ എംപി, അസം കിസാൻസഭ പ്രസിഡന്റ് ഗജേൻ ബർമൻ എന്നിവരാണ് സംഭവസ്ഥലം സന്ദർശിച്ചത്. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ലക്ഷം രൂപ വീതം കിസാൻസഭ നൽകി. പരിക്കേറ്റവർക്കും സഹായം നൽകി. ദരാങ്ങിൽ 50 വർഷമായി കഴിയുന്ന 1170 കർഷകകുടുംബത്തെയാണ് സെപ്തംബർ 23ന് ഒഴിപ്പിച്ചത്.