ന്യൂഡൽഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി പാർട്ടി ദേശീയ നേതൃത്വം. ഡി രാജയ്ക്കെതിരായ കാനത്തിന്റെ പരസ്യ പരാമർശത്തെ സിപിഐ ദേശീയ നിർവാഹക സമിതി അപലപിച്ചു. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അംഗീകരിക്കില്ലെന്നും പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നും നിർവാഹക സമിതി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഡി രാജ പറഞ്ഞു
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പോലീസിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ഏത് വിഷയങ്ങളിലും അഭിപ്രായം പറയാൻ സിപിഐ ദേശീയ നേതാക്കൾക്ക് സ്വാന്ത്ര്യമുണ്ടെന്നും ആനി രാജയ്ക്ക് പൂർണ പിന്തുണ നൽകി രാജ പറഞ്ഞു. പാർട്ടിയാണ് വലുത്. ആരും പാർട്ടിക്ക് മുകളിലല്ല. പാർട്ടിയുടെ അച്ചടക്കത്തെക്കുറിച്ച് എല്ലാവരും ബോധവാൻമാരാകണമെന്നും രാജ വ്യക്തമാക്കി.
ദേശീയ എക്സിക്യൂട്ടിവ് അംഗമായ ആനി രാജ നേരത്തെ സംസ്ഥാന പോലീസിനെതിരേ ഉന്നയിച്ച വിമർശനമാണ് തർക്കങ്ങൾക്ക് കാരണമായത്. ഈ വിമർശനം സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് വേണമെന്നായിരുന്നു കാനത്തിന്റെ നിലപാട്. എന്നാൽ രാജ ഇത് പരസ്യമായി തള്ളിക്കളഞ്ഞിരുന്നു. ഇതിനെതിരേയാണ് കാനം പരസ്യമായി രംഗത്തുവരികയും ജനറൽ സെക്രട്ടറിയെ വിമർശിക്കുകയും ചെയ്തത്.
Content Highlights:content highlights: CPI national leadership rejects kanam, everyone should follow party discipline says D Raja