കൊച്ചി > കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതികളെ സഹായിച്ചതിന് പിടിയിലായ കൂവപ്പാടം സ്വദേശി സുസ്മിത ഫിലിപ്പിനെ എക്സൈസ് ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങി. ‘ടീച്ചര്‍’ എന്നറിയപ്പെടുന്ന സുസ്മിത ഫിലിപ്പ് സിനിമാ മേഖലയിലെ ചിലരുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നതായാണ് എക്സൈസിന് ലഭിച്ച വിവരം. ഇടപാടുകൾക്ക് ഇടനിലക്കാരിയായത് സുസ്മിതയാണെന്നും സംശയിക്കുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും.
നഗരത്തില്‍ പ്രതികള്‍ നടത്തിയ മയക്കുമരുന്നുപാർടികളിൽ (റേവ് പാര്‍ടി) സുസ്മിതയുടെ പങ്കാളിത്തമുണ്ടായിരുന്നു. എംജി റോഡിലെ ഹോട്ടൽ, കാക്കനാട്ടെ രണ്ട് അപ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിൽ സുസ്മിതയെ മറ്റു പ്രതികൾക്കൊപ്പം തെളിവെടുപ്പിനായി കൊണ്ടുവരുമെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ടി എം കാസിം പറഞ്ഞു.
സുസ്മിത സ്വന്തം അക്കൗണ്ടിൽനിന്നും മറ്റു ചില അക്കൗണ്ടുകളില്‍നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് വാങ്ങാനാണ്. പ്രതികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവരാണെന്നാണ് കരുതുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.