തിരുവനന്തപുരം: ഒരു സൈഡ് ഇരുട്ടാണ്… അതുകൊണ്ടുള്ള ബുദ്ധിമുട്ടുകളാണ് ഇക്കാലമത്രയും അനുഭവിച്ചത്. അന്ന് ടീച്ചർ ചെയ്ത തെറ്റിന് അവർക്ക് ശിക്ഷ കിട്ടി. പക്ഷെ അതുകൊണ്ട് എനിക്കെവിടെയാണ് നീതി…? ചോദ്യം അൽ അമീനിന്റെതാണ്.
ഓർക്കുന്നുണ്ടോ അൽ അമീൻ എന്ന കുട്ടിയെ. ക്ലാസിൽ ശ്രദ്ധിച്ചില്ല എന്ന കാരണം പറഞ്ഞ് ടീച്ചർ എറിഞ്ഞ പേന കൊണ്ട് കാഴ്ച നഷ്ടപ്പെട്ട വിദ്യാർഥിയെ. 16 വർഷം കഴിഞ്ഞിട്ടും അന്നത്തെ ദുരന്തത്തിന്റെ ഓർമയിലാണ് ഒരു കുടുംബം. വർഷമിത്ര കഴിഞ്ഞിട്ടും മനഃപൂർവം മറക്കാൻ ശ്രമിച്ചിട്ടും കാലത്തിനും മായ്ക്കാനാകാത്ത മുറിപ്പാടാണ് അൽ അമീനെന്ന ചെറുപ്പക്കാരന് വിധി സമ്മാനിച്ചത്. 2005ൽ നടന്ന കാര്യങ്ങളെ ഓർമിക്കുകയാണ് ഈചെറുപ്പക്കാരൻ.
2005 ജനുവരി 18നാണ് എന്റെ കണ്ണിന്റെ കാഴ്ച പോയത്. അന്ന് ക്ലാസിൽ മൂന്നാമത്തെ പീരിയഡ് നടക്കുകയാണ്. അറബി ക്ലാസ്, ടീച്ചർ അവിടെ ഡസ്കിലിരുന്ന് എന്തൊ എഴുതിക്കൊണ്ടിരിക്കുകയാണ്. എന്റെ പുറകിലിരുന്ന കുട്ടി എന്നെ തോണ്ടിവിളിച്ചു. അപ്പോൾ എന്താണെന്ന് ചോദിക്കാനായി തിരിഞ്ഞതാണ് ഞാൻ. എന്താണ് കാണിക്കുന്നതെന്ന് പറഞ്ഞ് കൈയിലിരുന്ന ബോൾപേനയെടുത്ത് എന്റെ നേരെഎറിഞ്ഞു. അതെന്റെ ഇടതുകണ്ണിലാണ് കൊണ്ടത്. കൃഷ്ണമണി കീറി.ഞാൻ വേദനിക്കുന്നുവെന്ന് പറഞ്ഞപ്പോൾ അപ്പുറത്തെ ക്ലാസിൽ നിന്നുള്ള ടീച്ചർ വന്ന് എന്താണ് കാര്യമെന്ന് ചോദിച്ചു. അപ്പോൾ എന്നെ എറിഞ്ഞ ടീച്ചർ ഒന്നുമില്ലെന്നാണ് അവരോട് പറഞ്ഞത്.
കണ്ണുവേദന കൂടിയപ്പോൾ പൈപ്പിന്റെ ചുവട്ടിൽ പോയി മുഖം കഴുകാൻ പറഞ്ഞു. വേദനകാരണം കരഞ്ഞുകൊണ്ട് കണ്ണുകഴുകുന്നതിനിടെ എന്തിനാണ് നീ കരയുന്നതെന്ന് ചോദിച്ച് ടീച്ചർ പുറകിൽ കൂടി വന്ന് തലക്കിട്ട് അടിച്ചു. എനിക്ക് നന്നായി വേദനിച്ചിരുന്നു. ഒരിക്കലും അന്നത്തെ കാര്യങ്ങൾ ഞാൻ മറക്കില്ല. എട്ടുവയസിൽ നടന്ന കാര്യമാണെങ്കിലും അതൊക്കെ നല്ല ഓർമയുണ്ട്. ആ വേദനയൊന്നും എനിക്ക് മറക്കാൻ കഴിയില്ല.
അപ്പോഴേക്കും ഹെഡ്മിസ്ട്രസ് ഓടിവന്ന് കാര്യം അന്വേഷിച്ചു. അവർ നോക്കിയപ്പോൾ കണ്ണ് നല്ലപോലെ ചുവന്നുകിടപ്പുണ്ട്. അപ്പോൾ തന്നെ രണ്ട് അധ്യാപകരുടെ കൂടെ എന്നെ കാട്ടാക്കട ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. അവിടെവെച്ച് പരിശോധിച്ച ഡോക്ടർമാർ കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു.
അൽ അമീന്റെ കുട്ടിക്കാലത്തുള്ള ചിത്രം | ഫോട്ടോ: എം പ്രവീൺ ദാസ്
അവിടെ പോയി പരിശോധിച്ചപ്പോൾ കൃഷ്ണമണിക്ക് മുറിവുണ്ട്,ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർ പറഞ്ഞത്. അന്ന് രാത്രി 11 മണിക്ക് എന്നെ ഓപ്പറേഷന് കയറ്റി. പിന്നീട്14 ദിവസം ആശുപത്രിയിലായിരുന്നു. അതുകഴിഞ്ഞ് വീട്ടിലെത്തി. രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും ടീച്ചറെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി വാർത്ത വന്നിരുന്നു.
ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തതെങ്കിലും അതുകഴിഞ്ഞ്അവർ തിരിച്ചുകയറി. അതിനുശേഷം നെയ്യാറ്റിൻകരയിലേക്ക് സ്ഥലം മാറിപ്പോയി. അവർ പോയതിന് ശേഷമാണ് ഞാൻ ആ സ്കൂളിൽ പഠിക്കാൻ പോയത്. പത്താം ക്ലാസ് വരെ അവിടെ തന്നെ പഠിച്ചു. ഇതിനിടെ ഒരിക്കലെങ്കിലും വന്ന് എന്നെ സമാധാനപ്പെടുത്തിയിരുന്നെങ്കിൽ എനിക്കിത്രയും സങ്കടം വരില്ലായിരുന്നു. ഓരോ ദിവസം കൂടുന്തോറും അക്കാര്യത്തിൽ വിഷമം ഉണ്ട്.
ടീച്ചറ് തെറ്റു ചെയ്തിട്ടാണ് അവർക്കീ ശിക്ഷ കിട്ടിയത്. പക്ഷെ എനിക്കതുകൊണ്ട് ഒന്നുമായില്ല. മൂന്നു സർജറി ചെയ്തു. മൂന്നുലക്ഷം രൂപയ്ക്ക് മുകളിൽ ഇതുവരെ ചെലവായിട്ടുണ്ട്. ആശുപത്രിയിൽ കിടക്കുമ്പോൾ അന്ന് കുട്ടികളെല്ലാം കൂടി പിരിച്ച് 5000 രൂപ കിട്ടിയതല്ലാതെ ആരിൽ നിന്നുംഒരു സഹായവും ലഭിച്ചിട്ടില്ല. വീട്ടുകാർ പാടുപെട്ട് ഉണ്ടാക്കിയ കാശെടുത്താണ് എന്നെ ചികിത്സിച്ചത്.
16 വർഷമായി എനിക്ക് പാതി ഇരുട്ടാണ്. മാത്രമല്ല ഇടതുകണ്ണിലെ ഞരമ്പൊക്കെ ദ്രവിച്ചുപോയി. ഇനി കാഴ്ച കിട്ടാൻ വിദൂര സാധ്യതപോലുമില്ല. ടീച്ചർ എറിഞ്ഞ അന്ന് അതിലെ കാഴ്ച അണഞ്ഞതാണ്. എനിക്കിനി ഈ കണ്ണുകൊണ്ട് ഒരുപയോഗവുമില്ല. എന്തെങ്കിലും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാത്രം വന്നാൽ മതിയെന്നാണ് ഒടുവിൽ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞിരിക്കുന്നത്. ആ വേദനയൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല.
ജോലിക്കൊക്കെ ഒരുപാട് ശ്രമിച്ചുനോക്കിയതാണ്. കൂടുതൽ കഠിനാധ്വാനം ചെയ്താൽ കണ്ണു ചുവക്കും വേദനയുണ്ടാകും. ഒരുകണ്ണില്ലാത്തതുകൊണ്ട് ലൈസൻസ് നൽകാനാകില്ലെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്. പാസ്പോർട്ട് എടുക്കാൻ സാധിച്ചില്ല.
അന്നത്തെ സംഭവത്തിനുശേഷം ടീച്ചറിന്റെ ബന്ധുക്കൾ പോലും തിരിഞ്ഞുനോക്കിയില്ലെന്ന് അൽ അമിന്റെ മാതാവ് സുമയ്യ ബീവി പ്രതികരിക്കുന്നു. തെറ്റ് ആർക്കും പറ്റാം. അന്ന് മനഃപൂർവം ചെയ്തതാണെന്ന് ആരും പറയില്ല. പക്ഷെ മനഃസാക്ഷി എന്നൊന്നില്ലെ. അവരുടെ പ്രവൃത്തി മൂലം ഒരാളുടെ ഭാവിയാണ് ഇരുട്ടിലായത്. അതോർക്കണ്ടെ. ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ അവർ ചെലവാക്കിയ ലക്ഷങ്ങളിൽ കുറച്ച് ചെലവഴിച്ചിരുന്നെങ്കിൽ അന്നിവന്റെ കണ്ണ് ശരിയാക്കാമായിരുന്നു- അവർ പറഞ്ഞു.
അന്ന് സ്കൂളിലെ ടീച്ചർമാർ പോലും അവസാനം കാലുമാറി മൊഴിമാറ്റി. പോലീസുകാരനാകണമെന്നായിരുന്നു അവന്റെ ആഗ്രഹം. ഇനി അത് കിട്ടില്ലല്ലോ. ലൈസൻസില്ലാത്തതിനാൽ വാഹനം ഓടിച്ച് ജീവിക്കാൻ പറ്റില്ല. അതുമനസിലാക്കി എന്തെങ്കിലും ജോലിക്ക് സർക്കാർ സഹായം ലഭിച്ചാൽ അവന് ജീവിക്കാൻ പറ്റും. ഞങ്ങളെ നോക്കേണ്ട പ്രായത്തിൽ അവനെ ഞങ്ങൾ പോറ്റേണ്ടി വരികയാണ്. എന്നും ഞങ്ങൾക്കത് സാധിക്കുമോ- അവർ ചോദിക്കുന്നു.
അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. മകന് നീതി ലഭിക്കുമെന്ന് കാണിക്കുന്നകടലാസ് തുണ്ട് കിട്ടിയത് ഇന്നും വീട്ടിനകത്തുണ്ട്. പക്ഷെ ഇതുവരെയും എന്റെ മകന് നീതി ലഭിച്ചിട്ടില്ല… ഒരുപാട് ഓഫീസുകളിൽ ഞാൻ കയറി ഇറങ്ങി. മകന് നീതി ലഭിക്കുമെന്നൊക്കെ അവർ പറഞ്ഞു. വർഷങ്ങളിത്ര കഴിഞ്ഞു. ചെയ്ത കുറ്റത്തിന് ടീച്ചറിന് ശിക്ഷ വിധിച്ചു, പക്ഷെ എന്റെ മകനിപ്പോഴും നീതിയായിട്ടില്ല…