തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നികുതിപ്പണം തിരിമറി ചെയ്യപ്പെട്ടസംഭവം സമ്മതിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ചൊവ്വാഴ്ച നടന്ന നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകുമെന്ന് അവർ വിശദീകരിച്ചു. നികുതിപ്പണം തിരിമറി ചെയ്തതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ മേയർ കൗൺസിലിൽ വിശദീകരിച്ചു. ഐ കെ. എം സോഫ്റ്റ്വെയർ അപ്ഡേഷൻ ഉടൻ പൂർത്തിയാക്കുമെന്നും മേയർ പറഞ്ഞു.
ആറ്റിപ്ര, നേമം, ശ്രീകാര്യം സോണൽ ഓഫീസുകൾ നന്നായി 32 ലക്ഷം രൂപയുടെ ക്രമക്കേട് ആണ് നഗരസഭ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. നഷ്ടമായ തുക ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ തിരിച്ചുപിടിക്കാനാണ് നഗരസഭയുടെ തീരുമാനം.
ഇതിനായി സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ആറ്റിപ്ര സോണൽ ഓഫീസിൽ ക്രമക്കേടിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വർഷങ്ങളായി കരമടച്ച കെട്ടിടങ്ങളുടെും മറ്റും തുക നഗരസഭാ അക്കൗണ്ടിലേക്ക് വരവ് വെക്കാതെ നടത്തിയ തട്ടിപ്പ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. വിഷയത്തിൽ ബിജെപി ദിവസങ്ങളായി സമരത്തിലാണ്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. വിഷയത്തിൽ പ്രതിഷേധിച്ച് ഇന്നത്തെ കൗൺസിൽ യോഗം യുഡിഎഫ് ബഹിഷ്കരിച്ചിരുന്നു.