കേരളത്തിലെ 25 തദ്ദേശഭരണസ്ഥാപനങ്ങളുടെ അദ്ധ്യക്ഷര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വന്യജീവിശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്ര ഗവേഷകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, കര്‍ഷകസംഘങ്ങള്‍ എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്ക് നയരേഖ തയ്യാറാക്കിയിരിക്കുന്നത്.
കാട്ടുപന്നികളും കുരങ്ങുകളും വനയോര കര്‍ഷകര്‍ക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നതെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു. കാട്ടുപന്നികളെ നിയന്ത്രിക്കാനുള്ള നടപടികള്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊല്ലുന്ന കാട്ടുപന്നികളെ സുരക്ഷിതമായി സംസ്‌കരിക്കാന്‍ വലിയ പ്രയാസമാണെന്നാണ് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര് പറയുന്നത്. അതിനാല്‍ കാട്ടുപന്നികളെ വന്യജീവി സംരക്ഷണ നിയമത്തിലെ മൂന്നാം പട്ടികയില്‍ നിന്ന് അഞ്ചാം പട്ടികയിലേക്ക് മാറ്റണം.
ഇതോടെ ക്ഷുദ്രജീവിയായി മാറുന്ന പന്നികളെ ഭക്ഷ്യാവശ്യത്തിന് വേട്ടയാടാന്‍ ആദിവാസികള്‍ക്ക് നിശ്ചിത കാലത്തേക്ക് അനുമതി നല്‍കണം. വേട്ടയാടല്‍ ജീവിത രീതിയായ ആദിവാസി വിഭാഗങ്ങള്‍ക്ക് വേണം അനുമതി നല്‍കാന്‍. ഇത് തദ്ദേശീയ ജനതയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കും. കേരളത്തില്‍ ആരോഗ്യകരമായ മാംസം വിതരണം ചെയ്യുന്ന മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയേയും പദ്ധതിയില്‍ പങ്കാളിയാക്കണം.
ഇത് കാട്ടുപന്നിയുടെ മാംസത്തിന് വിപണി ലഭിക്കാനും മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കാനും സഹായിക്കും. കാട്ടുപന്നികളുടെ എണ്ണം നിയന്ത്രണവിധേയമായാല്‍ അനുമതി പിന്‍വലിക്കണം.
കര്‍ഷകരും നഷ്ടപരിഹാരവും
വന്യജീവി ആക്രമണത്തില്‍ കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് നയരേഖ ആവശ്യപ്പെടുന്നു. കൂടാതെ ഇന്‍ഷുറന്‍സ് പദ്ധതികളും നടപ്പാക്കണം. വനവല്‍ക്കരണത്തിനുള്ള ഫണ്ടില്‍ നിന്ന് ഇതിനുള്ള തുക കണ്ടെത്താം. വാണിജ്യ വിളകള്‍ക്കു പുറമെ കപ്പ പോലുള്ള വിളകള്‍ക്കും പച്ചക്കറികള്‍ക്കും നഷ്ടപരിഹാരം നല്‍കണം. വന്യജീവി ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നഷ്ടപരിഹാര തുക തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ രൂപീകരിക്കുന്ന ജില്ലാ തല സമിതികളായിരിക്കണം.
കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ കര്‍ഷക പ്രതിനിധികളും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും ഈ സമിതിയില്‍ പ്രാതിനിധ്യമുണ്ടാവണം. നഷ്ടപരിഹാര തുക തീരുമാനിക്കുന്നതിലും അംഗീകരിക്കുന്നതിലും കര്‍ഷക പ്രതിനിധികളുടെ അനുമതി നിര്‍ബന്ധമാക്കണം. ഈ സമിതിക്ക് നിയമപരമായ അംഗീകാരവും സര്‍ക്കാര്‍ നല്‍കണം.
പഞ്ചായത്തുകളുടെ അധികാരം വര്‍ധിപ്പിക്കണം
പാറമടകള്‍ക്ക് വ്യവസായ ലൈസന്‍സ് നല്‍കുന്നതില്‍ പഞ്ചായത്തുകളുടെ അധികാരം കുറച്ച നടപടി സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് നയരേഖ ആവശ്യപ്പെടുന്നു. പാറപ്പൊട്ടിക്കാനായി വനത്തില്‍ സ്‌ഫോടനം നടത്തുമ്പോള്‍ കുരങ്ങുകള്‍ മറ്റു പ്രദേശങ്ങളിലേക്ക് പോവും. ഇവ മനുഷ്യവാസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
ഗ്രാമങ്ങളിലേക്ക് വന്യജീവികള്‍ കടക്കാതിരിക്കാനുള്ള സൗരോര്‍ജ വേലി പോലുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, അറ്റകുറ്റപണി, നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് എന്നിവയില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ചുമതല പഞ്ചായത്തുകള്‍ക്ക് നല്‍കണം. വേലികളും മറ്റു നിയന്ത്രണ സംവിധാനങ്ങളും തകര്‍ത്ത് വന്യമൃഗങ്ങള്‍ വന്നാല്‍ അവയെ നേരിടാനുള്ള ഗാര്‍ഡുമാരെ നിയമിക്കാനുള്ള അധികാരവും പഞ്ചായത്തുകള്‍ക്ക് നല്‍കണം.
ബഫര്‍ സോണുകളിലെ പുനരുജ്ജീവന പദ്ധതികളില്‍ വനം, റെവന്യു വകുപ്പുകളെ പോലെ പഞ്ചായത്തുകള്‍ക്കും തുല്യ പങ്കാളിത്തം നല്‍കണം. ഈ പ്രവൃത്തികളൊന്നും ഏറ്റെടുത്തു ചെയ്യാനുള്ള സാമ്പത്തികശേഷി നിലവില്‍ പഞ്ചായത്തുകള്‍ക്കില്ല. അതിനാല്‍, വനയോര മേഖലയിലെ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണം. വന്യജീവി-മനുഷ്യ സംഘര്‍ഷം, കൃഷി രീതികള്‍, പ്രശ്‌നത്തിന്റെ ഗൗരവം, എന്നിവയുടെ അടിസ്ഥാനത്തില്‍ വേണം ജില്ലകള്‍ക്കും പഞ്ചായത്തുകള്‍ക്കും സഹായം നല്‍കാന്‍. സാമ്പത്തിക സഹായത്തിന് പുറമെ പഞ്ചായത്തിന്റെ നൈപുണ്യം വര്‍ധിപ്പിക്കാനുള്ള സഹായവും നല്‍കണം.
വനാവകാശ നിയമം നടപ്പാക്കണം
വനത്തില്‍ ആദിവാസികള്‍ക്കും മറ്റു തദ്ദേശീയ വിഭാഗങ്ങള്‍ക്കുള്ള അവകാശം ഉറപ്പുവരുത്തുന്ന വനാവകാശ നിയമം ഉടന്‍ നടപ്പാക്കണമെന്ന് നയരേഖ ആവശ്യപ്പെടുന്നു. വനം വകുപ്പ് രൂപീകരിച്ച വനസംരക്ഷണ സമിതി, ഹരിതവസന്തം സമിതികള്‍ എന്നിവയെ അത് ബാധിക്കും. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിലും പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതിലും ആദിവാസി സമൂഹത്തിന് കൂടുതല്‍ ശേഷിയുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാര് പറയുന്നത്. വന കൈകാര്യം സംബന്ധിച്ച എല്ലാ സംയുക്ത സമിതികള്‍ക്കും പകരം വനാവകാശ നിയമത്തിലെ വ്യവസ്ഥകളാണ് നടപ്പാക്കേണ്ടതെന്നാണ് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതെന്നും നയരേഖ ചൂണ്ടിക്കാട്ടുന്നു.
അധിനിവേശ സസ്യങ്ങളും വന്യജീവികളും
അധിനിവേശ സസ്യങ്ങളുടെ വ്യാപനം വനങ്ങളിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു. അധിനിവേശ സസ്യമായ സെന്ന വയനാട്ടിലും മിക്കാനിയ മൈകാന്ത്ര ആറളം വന്യജീവി സങ്കേതത്തിലും ലന്തന കമേര നീലഗിരി ബയോ റിസര്‍വിലും വ്യാപിക്കുകയാണ്. സ്വാഭാവിക സസ്യങ്ങളുടെ നാശം സസ്യഭുക്കായ ജീവികള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കാതിരിക്കാന്‍ കാരണമാവുന്നു.
ഭക്ഷണം തേടി സസ്യഭുക്കുകള്‍ മറ്റു പ്രദേശങ്ങളിലേക്ക് മാറും. ഇത് അവയെ വേട്ടയാടി ജീവിക്കുന്ന മാംസഭുക്കുകളായ ജീവികളും സ്ഥലം മാറാന്‍ കാരണമാവും. ഒരു മാംസഭുക്കിന്റെ അധികാരപരിധിയില്‍ മറ്റൊരു മാംസഭുക്ക് കയറുന്നത് അവക്കിടയില്‍ സംഘര്‍ഷമുണ്ടാക്കും. ഈ സംഘര്‍ഷത്തില്‍ പരുക്കേല്‍ക്കുന്ന ദുര്‍ബലരായ മാംസഭുക്കുകള്‍ക്ക് മനുഷ്യര്‍ വളര്‍ത്തുന്ന മൃഗങ്ങളെ പിടിക്കുകയാണ് എളുപ്പം. അധിനിവേശ സസ്യങ്ങള്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമാവുന്നത് ഇങ്ങനെയാണെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ വനമെന്ന് അവകാശപ്പെടുന്ന ഭൂമിയില്‍ നിരവധി തോട്ടങ്ങളുണ്ട്. തേക്ക് അടക്കമുള്ള തോട്ടങ്ങളിലെ മരം മുറി കഴിഞ്ഞാല്‍ സ്വാഭാവിക വനംവളര്‍ത്താനുള്ള ബോധപൂര്‍വ്വമായ നടപടികളുണ്ടാവണം. ഇതിലൂടെ മാത്രമേ വന്യജീവികള്‍ക്ക് ഭക്ഷണം ലഭിക്കൂ.
റബ്ബര്‍തോട്ടങ്ങള്‍ ഉപേക്ഷിച്ച് ഉടമകള്‍ നഗരങ്ങളിലേക്കും വിദേശങ്ങളിലേക്കും കുടിയേറുന്നതും ഒരു പ്രശ്‌നമാണെന്നാണ് നിരവധി പഞ്ചായത്ത് പ്രസിഡന്റുമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കാട്ടുപന്നികളും പാമ്പുകളും വര്‍ധിക്കാന്‍ ഇതു കാരണമാവുന്നുണ്ട്.
ജനജാഗ്രതാ സമിതികളെ ജനാധിപത്യവല്‍ക്കരിക്കണം
വനയോര മേഖലയില്‍ നിലവിലുള്ള ജനജാഗ്രതാ സമിതികളെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണമെന്ന് നയരേഖ ആവശ്യപ്പെടുന്നു. വന്യജീവി ബാധിതരായ കര്‍ഷകര്‍ക്ക് നിലവില്‍ തന്നെ സമിതികളില്‍ പ്രാതിനിധ്യമുണ്ട്. ഇത് വിപുലമാക്കണം. മൃഗശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രൈമറി റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കണം. പഞ്ചായത്തുകളുടെ പ്രൈമറി റെസ്‌പോണ്‍സ് ടീമുകള്‍ക്കും വനം വകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും.
കര്‍ഷകര്‍ക്ക് സ്വയംസഹായ സംഘങ്ങള്‍ വേണം
കര്‍ഷകരെ സഹായിക്കാന്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കണമെന്ന് നയരേഖ ശുപാര്‍ശ ചെയ്യുന്നു. കുടുംബശ്രീ മാതൃകയിലുള്ള സംഘടനാ രൂപത്തിന് വനംവകുപ്പിന്റെ പിന്തുണയും വേണം. വന്യജീവികളെ തടയാനുള്ള രീതികളും ഉപകരണങ്ങളും തിരഞ്ഞെടുക്കുന്നതിന്റെ ചുമതല ഈ സംഘങ്ങള്‍ക്ക് നല്‍കണം.
മൃഗങ്ങളോടുള്ള ക്രൂരത
മൃഗങ്ങളോടുള്ള ക്രൂരത കേരളത്തില്‍ വര്‍ധിച്ച് വരുകയാണെന്ന് നയരേഖ നിരീക്ഷിക്കുന്നു. തെരുവുനായ്ക്കളാണ് കൂടുതലായും ക്രൂരതക്ക് ഇരയാവുന്നത്. പ്രായപൂര്‍ത്തിയാവാത്തവര്‍ പോലും അക്രമങ്ങള്‍ നടത്തുന്നു. നഗരത്തില്‍ മറ്റുജീവികള്‍ക്ക് സ്ഥാനമില്ലെന്നും അവ മനുഷ്യര്‍ക്ക് അപകടമാണെന്നുമുള്ള ആശയങ്ങള്‍ ചില ലോബികള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചരണങ്ങളെ നല്ല ശാസ്ത്രത്തിലൂടെയും വിദ്യഭ്യാസത്തിലൂടെയും വസ്തുതകള്‍ പ്രചരിപ്പിച്ചും നേരിടണം.
വനംവകുപ്പിന് കീഴിലുള്ള സ്‌നേക് റെസ്‌ക്യൂ യൂണിറ്റുകള്‍ ഇതിന് നല്ല ഉദാഹരണമാണ്. ശാസ്ത്രീയമായ വിദ്യഭ്യാസത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണം. കരണ്ടു തിന്നുന്ന എലി പോലുള്ള ജീവികളെ നിയന്ത്രിക്കുന്നതില്‍ നായ്ക്കള്‍ക്കും പാമ്പുകള്‍ക്കുമുള്ള പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണം.
വിദ്യാലയങ്ങളില്‍ അനിമല്‍ ക്ലബ് സ്ഥാപിക്കണം
വന്യജീവികളോടുള്ള ഭയവും തെറ്റിധാരണയും മാറ്റാന്‍ സ്‌കൂള്‍-കോളേജ് സിലബസില്‍ മാറ്റങ്ങള്‍ വരുത്തണം. വന്യജീവികളും മനുഷ്യരും വ്യത്യസ്തമായ അറകളില്‍ ജീവിക്കേണ്ടവരാണെന്ന തെറ്റിധാരണ മാറ്റാന്‍ വേണ്ട നടപടിയുമുണ്ടാവണം. വിദ്യാലയങ്ങളില്‍ എനിമല്‍ ക്ലബുകള്‍ സ്ഥാപിക്കാന്‍ പ്രോല്‍സാഹനം നല്‍കണമെന്നും നയരേഖ ആവശ്യപ്പെടുന്നു. നയരേഖ ഉടന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.
****