കോഴിക്കോട്> നേതൃമാറ്റം വേണമെന്ന അഭിപ്രായം തന്റെ ആഗ്രഹപ്രകടനമല്ല ആദർശത്തിന്റെ ഭാഗമാണെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ പറഞ്ഞു. സ്ഥാനത്ത് നിന്ന് മാറരുതെന്ന് ചിലർക്ക് ആഗ്രഹമുണ്ടാകാം. എന്നാൽ സ്ഥാനം പ്രസ്ഥാനത്തിന് വേണ്ടിയാണ്. ഇത് തിരിച്ചറിയാനാകണം.
പാർടിയുടെയും പ്രവർത്തകരുടെയും വികാരം മനസിലാക്കാൻ സാധിക്കുക എന്നതാണ് നേതൃഗുണം– മുകുന്ദൻ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിൽ മാറ്റംവേണമെന്ന തന്റെ അഭിപ്രായം ആഗ്രഹപ്രകടനമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുകുന്ദൻ.
പ്രവർത്തകരുടെ മനസ് അറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കുന്നതാണ് നേതൃത്വഗുണം. ആറ് മാസമായി നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ ഇനിയെങ്കിലും അവസാനിച്ചാൽ അതാണ് പാർടിക്ക് നല്ലത്. ഇപ്പോഴത്തെ നില തുടർന്നാൽ നിയമസഭയിൽ കിട്ടിയതിലും കാഠിന്യമേറിയ അനുഭവമാകും വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടാവുക.
നേതൃത്വം എങ്ങനെ മാറണമെന്നതിന് കേന്ദ്രത്തിൽ എൽ കെ അദ്വാനി കാട്ടിത്തന്ന മാതൃകയുണ്ട്. അതാണ് നാം പിന്തുടരേണ്ടത്. ഇതൊക്കെ ആഗ്രഹത്തിന്റെ പ്രശ്നമായി കാണുന്നത് ഈ മാതൃകകകൾ മനസിലാക്കാതെയാണ്. ആഗ്രഹമല്ല പ്രസ്ഥാനത്തിന്റെ നിലനിൽപാണ് പ്രധാനം. കേരളത്തിൽ ബിജെപിയുടെ പ്രസക്തി നഷ്ടമാകാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഉത്തരേന്ത്യയല്ല കേരളം. ഇത് ശ്രദ്ധിച്ചാൽ നല്ലത്. പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുകയാണ് ഇന്നതെ കടമ. അതിന് നേതൃത്വത്തിന് സാധ്യമാകണം– മുകുന്ദൻ ‘ദേശാഭിമാനി’യോട് പറഞ്ഞു.