മഞ്ചേരി> വളാഞ്ചേരി കാടാമ്പുഴയില് പൂര്ണഗര്ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില് പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി ഒന്നാം അഡീഷണല് ജില്ലാ സെഷന്സ് കോടതി. വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശരീഫി (42)ആണ് പ്രതി. ശിക്ഷ ബുധനാഴ്ച വിധിക്കും.
സുഹൃത്തായ പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല് മരക്കാരിന്റെ മകള് ഉമ്മുസല്മ (26), മകന് ദില്ഷാദ് (7) എന്നിവരെയാണ് ഇയാള് കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില് അതിക്രമിച്ച് കയറല്, ഗര്ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്ക്കെതിരെ ചുമത്തിയത്. ഇതെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി.
യുവതിയും മകനും ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദൃക്സാക്ഷികളില്ലാത്ത കേസില് സാഹചര്യ തെളിവുകളും ശാസ്ത്രിയമായ അന്വേഷണ റിപ്പോര്ട്ടുമാണ് വഴിത്തിരിവായത്. 53 സാക്ഷികളെ കോടതി വിസ്തരിച്ചു. 57 രേഖകളും 14 തൊണ്ടി മുതലുകളും പ്രോസിക്യൂഷന് ഹാജരാക്കി.
2017 മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ഉമ്മുസല്മ ഭര്ത്താവും വീട്ടുകാരുമായി തെറ്റിപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി ഉമ്മുസല്മയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തില് ഉമ്മുസല്മ ഗര്ഭിണിയായി. പ്രസവത്തിനായി ആശുപത്രിയില് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്. ആശുപത്രിയില് തന്നോടൊപ്പം നില്ക്കണമെന്നും അല്ലാത്തപക്ഷം പ്രതിയുടെ ഭാര്യവീട്ടില് പ്രശ്നമുണ്ടാക്കുമെന്നും ഉമ്മുസല്മ ശരീഫിനോട് പറഞ്ഞു.
ക്ഷുഭിതനായ ശരീഫ് ഉമ്മുസല്മയുടെ കഴുത്തില് ഷാള് മുറുക്കി കൊല്ലുകയായിരുന്നു. കൊലപാതകം കണ്ട ഉമ്മുസല്മയുടെ മകന് ദില്ഷാദിനെയും ഷാള് കഴുത്തില് മുറുക്കി കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്ക്കാന് ഇരുവരുടെയും കൈ ഞരമ്പുകള് മുറിച്ചു. തുടര്ന്ന് വാതില് പൂട്ടി ചാവി വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.