കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ സാന്നിധ്യത്തിലാണ് മോൺസൻ പണം നൽകിയതെന്ന മന്ത്രി പി രാജീവിൻ്റെ പരാമർശത്തെ തുടർന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആവശ്യം. ഈ പരാതി തന്നെ തട്ടിപ്പാണ്. ഒരു രാഷ്ട്രീയക്കാരനും തങ്ങളുടെ ഇടപാടിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരൻ ടി വി ചാനലിൽ പറയുന്നതിൻ്റെ റെക്കോർഡുണ്ട്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് അയാൾ മാറ്റി പറയുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മോൺസൻ വ്യാജനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഏതെങ്കിലും താരം അവിടെ പോകുമായിരുന്നോ എന്നും സതീശൻ ചോദിച്ചു. തട്ടിപ്പ് ആണെന്നറിയാതെ പല ആളുകളുടെയും അവിടെ പോകുകയും ഫോട്ടോ എടുക്കുകയും ചെതിട്ടുണ്ടാകാം. ഡോക്ടർ എന്ന് പറഞ്ഞും പുരാവസ്തുക്കൾ ശേഖരിച്ചുവെക്കുന്നു എന്ന നിലയ്ക്കും രണ്ട് രീതിയിലാണ് മോൺസൻ തട്ടിപ്പ് നടത്തിയത്. കോസ്‌മെറ്റിക്സ് സർജൻ ആണെന്ന് കരുതി സിനിമാ താരങ്ങൾ ഉൾപ്പെടെ അറിയപ്പെടുന്ന ധാരാളമാളുകൾ അവിടെ പോയിട്ടുണ്ട്. കോസ്‌മെറ്റിക് ചികിത്സയ്ക്ക് പോകുന്നത് തെറ്റല്ല. നമ്മള്‍ പോകുന്നില്ലെങ്കിലും നമ്മളുമായി ബന്ധമുള്ളവര്‍ പോകും. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പോകും. ഇതൊരു വ്യാജ ഡോക്ടർ ആണെന്നറിഞ്ഞിരുന്നുവെങ്കിൽ ആരെങ്കിലും അവിടേക്ക് പോകുമായിരുന്നോ എന്നും സതീശൻ ചോദിച്ചു.
മന്ത്രിമാരുടെയും മുൻ മന്ത്രിമാരുടെയും കൂടെ മോൺസൻ നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടില്ല. ഞങ്ങളത് ഉയർത്തിക്കാട്ടുന്നില്ല. പൊതുപ്രവർത്തകരുടെ ഇമേജ് വർഷങ്ങൾ കഠിനധ്വാനം ചെയ്ത് ഉണ്ടാക്കുന്നതാണ്. അത് ഏതെങ്കിലും ഒരു തട്ടിപ്പുകാരൻ്റെ കൂടെയുള്ള ചോട്ടോ കാണിച്ച് ഇല്ലാതാക്കാൻ പാടില്ല. മോൺസൻ തട്ടിപ്പുകാരൻ ആണെന്നറിഞ്ഞിട്ടും അവിടെ പോയവരിൽ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. മുഖ്യമന്ത്രി സുധാകരനെതിരെ പുകമറ ഉണ്ടാക്കാനാണ് ശ്രമിച്ചത്. അതിൻ്റെ മറവിൽ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നോക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
മോൺസൻ മാവുങ്കലിനെതിരായ പരാതി 2021 സെപ്റ്റംബര്‍ ആറിനാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആരൊക്കെ എന്തിനൊക്കെ പോയി എന്നത് പോലീസ് അന്വേഷിക്കണ്ടതാണ്. ലോക്‌നാഥ് ബെഹറയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ സുഖചികിത്സയ്ക്ക് തങ്ങുകയല്ല ഉണ്ടായത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
അതേസമയം, മോൺസൻ മാവുങ്കലുമായുള്ള കേസിൽ കോൺഗ്രസ് പ്രവർത്തകരെ സംശയത്തിൻ്റെ നിഴലിൽ നിർത്താനാണ് സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നതെങ്കിൽ അത് നടക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ഏത് അന്വേഷണത്തിനും വെല്ലുവിളിക്കുന്നു. കെപിസിസി പ്രസിഡൻ്റ് തന്നെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം പാർലമെൻ്റിൽ എംപിമാർ ആവശ്യപ്പെട്ട് കഴിഞ്ഞു. ഡിഐജി ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണവും വിജയമാകില്ല. അത് സർക്കാരിനെ രക്ഷിക്കാനാണ്. സർക്കാർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളെല്ലാം ശ്രീജിത്ത് തന്നെ അന്വേഷിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും മുരളീധരൻ ആരോപിച്ചു.