തിരുവനന്തപുരം> മീറ്റ്നയേയും കൂത്താമ്പുള്ളിയേയും ബന്ധിപ്പിക്കുന്ന മനോഹരമായ തൂക്കുപാലം നിര്മ്മിക്കുയാണെങ്കില് ഷൂട്ടിംഗ് സൈറ്റില് നിന്നും വരുന്ന ആളുകള്ക്ക് നെയ്ത്തുഗ്രാമം സന്ദര്ശിക്കുന്നതിനും ഉല്പ്പന്നങ്ങള് വാങ്ങുന്നതിനും കഴിയുമെന്നത് ശരിയായ കാര്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാലക്രമേണ ഇതൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില് കെ പ്രേംകുമാര് എംഎല്എ ഉന്നയിച്ച സബ്മിഷന് മറുപടി നല്കുകയായിരുന്നു അദ്ദേഹം
നിരവധി സന്ദര്ശകര് എത്താറുള്ള ഒരു പൗരാണിക നെയ്ത്തുകേന്ദ്രമായ കൂത്താമ്പുള്ളിയേയും മീറ്റ്നയേയും ബന്ധിപ്പിക്കണമെന്നാണ് കെ പ്രേകുമാര് സബ്മിഷനിലൂടെ ആവശ്യപ്പെടുന്നത്. ഒറ്റപ്പാലത്തേയും പരിസരങ്ങളിലേയും ലൊക്കേഷനിലേക്ക് മറ്റുദേശങ്ങളില് നിന്നും എത്തുന്നവര്ക്ക് കൂത്താമ്പുള്ളിയിലേക്ക് തിരുവില്വാമല വഴി കിലോമീറ്ററുകള് ചുറ്റിമാത്രമേ എത്താന് കഴിയുകയുള്ളു.
എം എല് എ നിര്ദ്ദേശിച്ച പദ്ധതിയെ സംബന്ധിച്ച് പരിശോധിക്കുമ്പോള് പാലപ്പുറം റെയില്വേ സ്റ്റേഷന് സമീപം റെയില്വേ ക്രോസ് ആവശ്യമായിവരും.ഈ പാലത്തിന്റെ പാലപ്പുറം സൈഡിലും, കൂത്താമ്പുള്ളി സൈഡിലും അപ്രോച്ച് റോഡിനുള്ള സ്ഥലവും വേണം. അപ്രോച്ച് റോഡിനുള്ള സ്ഥലവും റെയില്വേ ക്രോസിന് ആവശ്യമായ പാലത്തിനുള്ള അനുമതിയും ലഭിക്കുകയാണെങ്കില് മീറ്റ്ന – കൂത്താമ്പുള്ളി നടപ്പാലം നിര്മ്മിക്കാന് സാധിക്കും. പൊതുമരാമത്ത് വകുപ്പ് തൂക്കുപാലത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലങ്ങള് നിര്മിക്കാറില്ല. ഇത്തരം സന്ദര്ഭങ്ങളില് നിര്മ്മാണ സാഹചര്യങ്ങള് അനുകൂലമാണെങ്കില് സ്ഥലലഭ്യത ഉറപ്പുവരുത്തി കോണ്ക്രീറ്റ് ഫൂട്ട് ബ്രിഡ്ജ് (നടപ്പാലം) ആണ് പൊതുമരാമത്ത് വകുപ്പ് വിഭാവനം ചെയ്തുവരുന്നത്.
ടൂറിസത്തിന് ഗുണകരമാകുമെങ്കില് തൂക്കുപാലത്തിന്റെ സാധ്യത കൂടി പരിശോധിക്കാന് നിര്ദ്ദേശം നല്കുമെന്നും മന്ത്രി വ്യക്തമാക്കി