കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും കെ പി സി സി നിർവ്വാഹക സമിതി അംഗവുമായിരുന്ന പി വി ബാലചന്ദ്രൻ കോൺഗ്രസ് വിട്ടു.
ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് പി വി ബാലചന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷ സമുദായവും ഭൂരിപക്ഷ സമുദായവും ഇന്ന് കോൺഗ്രസിൽ നിന്നകലുകയാണ്. ദിശാബോധം നഷ്ടപ്പെട്ട നേതാക്കൾക്കൊപ്പം ജനങ്ങൾ നിൽക്കില്ല. അതിന്റെ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയവും ഇടതുപക്ഷത്തിന്റെ വിജയവുമെന്നും ബാലചന്ദ്രൻ വ്യക്തമാക്കി.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ കാര്യം ഏറെ പരിതാപകരമാണ്. ഒരു വിഷയത്തിലും കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ നേതൃത്വത്തിന് സാധിക്കുന്നില്ല. അണികൾക്ക് ആത്മവിശ്വാസമോ പ്രതീക്ഷയോ നൽകാൻ നേതൃത്വത്തിന് ആയിട്ടില്ല. പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കോൺഗ്രസിനാകില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നും പി.വി.ബാലചന്ദ്രൻ പറഞ്ഞു.