കൊച്ചി
ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരുടെ ഭാഗംകൂടി കേട്ട് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു. നിരക്ക് കുറച്ച ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള നിർദേശവും റദ്ദാക്കി. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ അമിത തുക ഈടാക്കുന്നെന്ന പരാതിയെത്തുടർന്നാണ് സർക്കാർ 1700 രൂപയിൽനിന്ന് 500 ആക്കിയത്.
സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് അക്രഡിറ്റഡ് ലാബുകളും തിരുവനന്തപുരം ദേവീ സ്കാൻ സെന്ററും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് ടി ആർ രവി പരിഗണിച്ചത്. നിരക്ക് കുറയ്ക്കുമ്പോൾ പരിശോധനയുടെ ഫലപ്രാപ്തിയും കൃത്യതയും കുറയുമെന്നും നിലവിലുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും കണക്കിലെടുത്താൽ 1500 രൂപ ചെലവുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
പല സംസ്ഥാനത്തും നിരക്ക് കുറവാണെന്നും പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ പരമാവധി 500 രൂപയാണെന്നും സർക്കാർ വ്യക്തമാക്കി. പരിശോധനാ സാമഗ്രികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാമെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ അറിയിച്ചെങ്കിലും ഹർജിക്കാർ നിരസിച്ചു. സർക്കാർ നിശ്ചയിച്ച തുക കുറവായതിനാൽ വലിയ നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബുകൾ കോടതിയെ സമീപിച്ചത്.