തിരുവനന്തപുരം
സംസ്ഥാനത്ത് 92.82 ശതമാനം പേരും ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും സ്വീകരിച്ച് രോഗപ്രതിരോധശേഷി ആർജിച്ചു. തിങ്കളാഴ്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതിലും തിയറ്ററും ഓഡിറ്റോറിയവും തുറക്കാനുള്ള തീരുമാനത്തിലും ആശങ്ക വേണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
സംസ്ഥാനത്ത് 18ന് മുകളിലുള്ളവർ 2.67 കോടിയാണ്. ഇതിൽ 2.47 കോടിയും വാക്സിനെടുത്തു. 1.12 കോടി (42.18 ശതമാനം) രണ്ട് ഡോസും എടുത്തവരാണ്. സെറോ പ്രിവലൻസ് സർവേ ഫലം വരുമ്പോൾ കൂടുതൽ ശതമാനത്തിൽ ആന്റിബോഡി വ്യക്തമാകുമെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്.
മൂന്ന് മാസംമുമ്പ് ഐസിഎംആർ നടത്തിയ സർവേയിൽ 44 ശതമാനമായിരുന്നു സംസ്ഥാനത്തെ ആന്റിബോഡി സാന്നിധ്യം. വാക്സിൻ വിതരണം അതിവേഗം നടക്കുന്നതിനാൽ ഇത് വർധിക്കും. 12 മുതൽ 17 വരെയുള്ള കുട്ടികൾക്ക് നവംബറോടെ വാക്സിൻ നൽകുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. കുട്ടികൾക്കും വാക്സിൻ ഉറപ്പാക്കിയാൽ സാമൂഹ്യ പ്രതിരോധശേഷി അതിവേഗം ആർജിക്കാം.
അതേസമയം, ലഭ്യമായിട്ടും ചിലർ വാക്സിനെടുക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാതെതന്നെ ഇപ്പോൾ വാക്സിൻ എടുക്കാം.
രോഗികൾ വീണ്ടും പതിനായിരത്തിൽ താഴെ
തിരുവനന്തപുരം
സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെയായി. 8850 പേർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. 74,871 സാമ്പിളാണ് പരിശോധിച്ചത്. 77 ദിവസത്തിനുശേഷമാണ് രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെ ആയത്.
തിരുവനന്തപുരം –-1134, തൃശൂർ–- 1077 ജില്ലകളിൽ മാത്രമാണ് രോഗികളുടെ എണ്ണം ആയിരത്തിലധികമുള്ളത്. ഇതിനുമുമ്പ് ജൂലൈ 19നാണ് രോഗബാധിതർ പതിനായിരത്തിൽ താഴെവന്നത്. അന്ന് 9931 രോഗികളുണ്ടായിരുന്നു.തിങ്കളാഴ്ച 17,007 പേർ രോഗമുക്തരായി. നിലവിലെ രോഗബാധിതരിൽ 11.2 ശതമാനം പേർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 368 തദ്ദേശ പ്രദേശത്തെ 745 വാർഡിൽ രോഗീ ജനസംഖ്യ വാരാനുപാതം 10ന് മുകളിലാണ്. 149 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 25,526 ആയി.