തിരുവനന്തപുരം > കര്ണാടകത്തിലെ സൂറത്ത്കല് എന്ഐടിയില് മലയാളി വിദ്യാര്ഥികള്ക്ക് പ്രവേശനം നിഷേധിച്ചു. ക്യാമ്പസിലെ ഹോസ്റ്റലില് താമസിച്ച് ക്ലാസ് മുറി പഠനത്തിനും കേരളത്തില് നിന്നുള്ള വിദ്യാര്ഥികള്ക്ക് അനുമതിയില്ല. രണ്ട് ഡോസ് വാക്സിന് എടുത്തവര് ക്ലാസില് എത്താന് സന്നദ്ധതയറിയിച്ചാലും കേരളത്തില്നിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് എന്ഐടി സര്ക്കുലര്. അമ്പതോളം മലയാളി വിദ്യാര്ഥികള് ഇവിടെ പഠിക്കുന്നുണ്ട്.
ഒന്നര വര്ഷമായി ഓണ്ലൈന് ക്ലാസുകള് മാത്രമായിരുന്നു എല്ലാവര്ക്കും ആശ്രയം. ഓഫ്ലൈന് ക്ലാസുകളില് കേരളത്തില്നിന്നുള്ളവര്ക്ക് പ്രവേശനം നിഷേധിച്ചതോടെ വിദ്യാര്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. കോവിഡ് കാലത്ത് ഫീസിനത്തില് ഒരു ആനുകൂല്യവും നല്കാത്ത സ്ഥാപനമാണ് ക്ലാസ് മുറി പഠനം ആരംഭിക്കുന്നഘട്ടത്തില് കേരളത്തില്നിന്നുള്ളവര്ക്കുമാത്രം വിലക്ക് ഏര്പ്പെടുത്തിയത്.