കോഴിക്കോട്> കോവിഡ് കാലത്ത് നിർത്തിവച്ച സീസൺ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിച്ചെങ്കിലും ഗുണം ലഭിക്കാതെ സ്ഥിരം യാത്രക്കാർ. കോവിഡ് കാലത്ത് ബഹുഭൂരിഭാഗം ട്രെയിനുകളും സ്പെഷ്യൽ (റിസർവേഷൻ ബോഗികൾ മാത്രം) ആക്കിയതോടെയാണ് സീസൺ ടിക്കറ്റ് ഉപയോഗിക്കാൻ പറ്റാതായത്. ഇതോടെ സ്ഥിരം യാത്രക്കാരും കൂടിയ നിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്ത് യാത്രചെയ്യണമെന്നായി. ജീവനക്കാരും തൊഴിലാളികളും ഉദ്യോഗസ്ഥരുമെല്ലാം സ്ഥിരം യാത്രക്ക് ആശ്രയിച്ചിരുന്നത് സീസൺ ടിക്കറ്റായിരുന്നു.
നേരത്തെ മിക്ക ട്രെയിനുകളിലും ജനറൽ (അൺറിസർവ്ഡ്) കോച്ചുകളുണ്ടായിരുന്നു. കോവിഡ് കാലത്ത് ഇതും റിസർവേഷനിലേക്ക് മാറ്റി.ഒരു മാസത്തെ സീസൺ ടിക്കറ്റ് നിരക്ക് നേരത്തെ ഒരു വശത്തേക്കുള്ള 15 യാത്രക്ക് തുല്യമായിരുന്നു. സീസൺ ടിക്കറ്റ് ഇല്ലാത്തത് തുഛശമ്പളത്തിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്കാണ് വലിയ പ്രയാസമുണ്ടാക്കുന്നത്. സാമ്പത്തിക ബാധ്യതയ്ക്കു പുറമെ സമയവും നഷ്ടപ്പെടുന്നു. മാത്രവുമല്ല റിസർവ് ടിക്കറ്റുതന്നെ ഓൺലൈനിൽ മാസത്തിൽ ആറു തവണയേ എടുക്കാനാവൂ. അല്ലെങ്കിൽ സ്റ്റേഷനിലെത്തി വരിനിന്ന് റിസർവ് ടിക്കറ്റെടുക്കണം. ജോലി ആവശ്യത്തിന് സ്ഥിരം യാത്രചെയ്യുന്നവരെ സംബന്ധിച്ച് ഇത് പ്രയാസമുള്ള കാര്യമാണ്.
പാലക്കാട് ഡിവിഷനു കീഴിൽ നിലവിൽ രണ്ടു ട്രെയിനുകളിൽ മാത്രമാണ് റിസർവേഷനില്ലാതെ യാത്ര ചെയ്യാനാവുക. ഷൊർണൂർ–- എറണാകുളം, ഷൊർണൂർ –- കണ്ണൂർ മെമു മാത്രമാണ് ഈ ഗണത്തിലുള്ളത്. തിരുവനന്തപുരം ഡിവിഷനു കീഴിലും അൺറിസർവ്ഡ് യാത്രാസൗകര്യം കുറവാണ്. മറ്റ് ട്രെയിനുകളിലും മുമ്പുള്ളതുപോലെ ജനറൽ കമ്പാർട്ട്മെന്റുകൾ ഉൾപ്പെടുത്തിയാലേ ഇതിന് പരിഹാരമാകൂവെന്ന് ഡിആർഇയു ജനറൽ സെക്രട്ടറി മാത്യു സിറിയക് പറഞ്ഞു.