കണ്ണൂർ: കണ്ണൂർ: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയ്ക്ക് ബന്ധം കമ്മ്യൂണിസ്റ്റുകാരോട് ആയിരുന്നെന്ന വാദവുമായി ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. അതിനാൽ ഗോഡ്സെയുടെ ചരിത്രം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാൽ മതിയെന്നും പി.കെ. കൃഷ്ണദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗോഡ്സെയ്ക്ക് പ്രത്യേക രാഷ്ട്രീയ പാർട്ടിയുണ്ടായിരുന്നു. ആ രാഷ്ട്രീയപ്പാർട്ടിയുടെ തലപ്പത്ത് ഉണ്ടായിരുന്ന ആളുകൾക്കൊക്കെ ഞങ്ങളുമായല്ല ബന്ധം കമ്മ്യൂണിസ്റ്റ് പാർട്ടിയുമായാണ്. ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കും. ഹിന്ദു മഹാസഭയുടെ അധ്യക്ഷൻ എൻ.സി ചാറ്റർജിയായിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു സോമനാഥ് ചാറ്റർജി. അവരുടെ കുടുംബ പശ്ചാത്തലം മുഴുവൻ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമായിരുന്നു.
എൻ.സി ചാറ്റർജിയും സോമനാഥ് ചാറ്റർജിയുമെല്ലാം കമ്മ്യൂണിസ്റ്റ് പശ്ചാത്തമുള്ളവരാണ്. ഹിന്ദു മഹാസഭയിൽ നിന്നുകൊണ്ട് തന്നെയാണ് എൻ.സി ചാറ്റർജി ഇടതുപക്ഷ സ്ഥാനാർഥിയായി പാർലമെന്റിലേക്ക് മത്സരിക്കുന്നതും ജയിക്കുന്നതും. സോമനാഥ് ചാറ്റർജി പിന്നീട് കമ്മ്യൂണിസ്റ്റുകാരനായിട്ടുണ്ടാകാം. അക്കാര്യം ഞാൻ നിഷേധിക്കുന്നില്ല.
അതുകൊണ്ട് ഗോഡ്സെയുടെ ചരിത്രമെല്ലാം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാൽ മതി. മഹാത്മാ ഗാന്ധിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് നെഹ്റുവിന്റെ ഭാരതത്തിലല്ലെന്നും നരേന്ദ്ര മോദിയുടെ ഭാരതത്തിലാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
Content Highlights: Nathuram Godse, PK Krishna Das, BJP