മനാമ > ഒമാന്‍ തീരത്ത് ആഞ്ഞു വീശിയ ഷഹീന് ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം. വടക്കന്‍ അല്‍ ബാതിന ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച ഏഴുപേര്‍ മരിച്ചു. ഇതോടെ കൊടുങ്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി.
കനത്ത മഴയില്‍ മുസന്നയിലും ഷുവൈക്കിലും നദികൾ കരകവിഞ്ഞൊഴുകി. ഈ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു.
ഞായറാഴ്ച രാത്രി എട്ടോടെയാണ് ഉഷ്ണമേഖല ചുഴലി മുസന്നയ്ക്കും സുവൈക്കിനും ഇടയില്‍ ഒമാന്‍ തീരം തൊട്ടത്. മണിക്കൂറില്‍ 120 മുതല്‍ 150 വരെ കിലോമീറ്റര്‍ വേഗത്തിലും കനത്ത മഴയോടും കരയില്‍ ആഞ്ഞടിച്ച് കാറ്റ് ജനങ്ങളില്‍ ഭീതി വിതച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ചുഴലി കാറ്റ് പൂര്‍ണ്ണമായും കരയിലെത്തി. പിന്നീട് വേഗത 102 116 കിലോമീറ്ററായി കുറഞ്ഞു.
ചുഴലി കരതൊട്ടതോടെ അതിനെ കൊടുങ്കാറ്റായി തരം താഴ്ത്തി. തിങ്കളാഴ്ച കൊടുങ്കാറ്റിനെ ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദമായി തരംതാഴ്ത്തിയതായി ഒമാന്‍ കാലവസ്ഥ വിഭാഗം അറിയിച്ചു. അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബാറ്റിന, സൗത്ത് അല്‍ ബാറ്റിന, അല്‍ ബുറൈമി, അല്‍ ദഖിലിയ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും തുടരും. താഴ്വരകളെ ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. .
പലയിടങ്ങളിലും വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒമാന്‍ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. ഷുവൈക്ക്, കബൂറാ വിലായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തെക്കന്‍, വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ ഇപ്പോഴും മഴ തുടരുന്നു.
സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഒന്‍പത് വരെ എല്ലാ ക്ലാസുകളും നിര്‍ത്തിവെച്ചു. ബാര്‍ക്ക, മുസന്ന, സുവൈക്ക് എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി അധികൃതര്‍ അറിയിച്ചു.