ചിങ്ങമാസം ആരംഭിക്കുന്നതോടെ ഞാറു പറിക്കാനും നടാനും പാടവരമ്പുകളിലൂടെ വരിവരിയായി പോയിരുന്ന മലയാളികളെ കേരളത്തില്‍ ഇപ്പോള്‍ അധികം സ്ഥലങ്ങളിലൊന്നും കാണാനില്ല. കൃഷിപ്പണിക്ക് മലയാളികളില്ലാത്തതും യന്ത്രവൽക്കരണവും ഏതാണ്ട് പൂര്‍ണമായും പഴയ ഗ്രാമീണ കാഴ്ച്ചകള്‍ ഇല്ലാതാകാന്‍ കാരണമായി.
പാലക്കാട്-തൃശൂര്‍ ജില്ലാ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാടത്തിറങ്ങുന്നവര്‍ ഇപ്പോഴുമുണ്ട്. മലയാളികളല്ലെന്ന് മാത്രം. ആറംങ്ങോട്ടുകര – കടുകശ്ശേരി പാടശേഖരങ്ങളില്‍ വര്‍ഷങ്ങളായി ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ഞാറു നടാനും കൊയ്യാനും എതതുന്നത്.
കേരളത്തിലേക്ക് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്കായി വന്ന ബാബു കഴിഞ്ഞ ആറ് വര്‍ഷമായി ഞാറു പറിക്കുകയും നടുകയും ചെയ്യുന്നു. അത്യാവശ്യം മലയാളം പറയുന്ന ബാബു കൊല്‍ക്കത്ത സ്വദേശിയാണ്. നിര്‍മ്മാണ തൊഴിലാളി കൂടിയാണ് ബാബു. അതല്ലാതെ വേറെന്ത് പണി കിട്ടിയാലും ചെയ്യുന്ന ആളാണ് അദ്ദേഹം.
കേരളത്തിലേത് പോലെ കൊല്‍ക്കത്തയില്‍ മണിക്കൂറുകളോളം പണിയില്ലെന്നും കൂലി വളരെ തുച്ഛമാണെന്നും ബാബു പറയുന്നു. രാവിലെ 7 മണിക്ക് പോയാല്‍ 10-11 മണിക്കുള്ളില്‍ പണി കഴിഞ്ഞ് കയറാം. പക്ഷേ, കേരളത്തിലെ സ്ഥിതി അതല്ല. ഒരു ദിവസം രാവിലെ 8.30 മണിക്ക് തുടങ്ങിയാല്‍ വൈകീട്ട് വരെ പണി കാണും. കൊറോണ കാലമായത് കൊണ്ട് ഇത്തവണ പണിക്ക് കൂലി കുറച്ചാണ് ലഭിക്കുന്നതെന്ന് പറയുന്നു. ഒരു ദിവസം 600 മുതല്‍ 700 രൂപവരെ കൂലി ഇനത്തില്‍ ബാബുവിന് ലഭിക്കും.
തങ്ങളുടെ കൂടെ ഉള്ള നാല്‍പ്പതോളം പേര്‍ ഞാറു നടാന്‍ പല പല സ്ഥലങ്ങളിലേക്ക് പോകുന്നുണ്ടെന്നും ബാബു വ്യക്തമാക്കി. ഇവരെല്ലാം തന്നെ പശ്ചിമബംഗാളിലെ ബര്‍ധ്വാന്‍ അഥവാ ബര്‍ധമാന്‍ ജില്ലയില്‍ നിന്നുള്ളവരാണ്. എല്ലാവരും തന്നെ മൂന്ന്, നാല് വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ബാബു പറഞ്ഞു.
*
“പണ്ട് കാലത്ത് ‘കുണ്ട’ കണക്കിനാണ് ഞാറ് പറിച്ചിരുന്നത്. ആ ഞാറ് പറിക്കാനും നടാനുമായി ചുരുങ്ങിയത് നാല് ദിവസമെങ്കിലും വേണ്ടി വരുമായിരുന്നു. ഇന്നിപ്പോള്‍ ബംഗാളികള്‍ നാല് മണിക്കൂറിനുള്ളില്‍ പത്ത് പറക്കുള്ള പാടം ഞാറ് പറിച്ച് നട്ടു കഴിഞ്ഞ് പോകും.” കര്‍ഷകനായ മുല്ലന്‍ പറയുന്നു. തൃശൂര്‍ ജില്ലയിലെ ദേശമംഗലം ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട കടുകശ്ശേരി ഗ്രാമത്തിലാണ് മുല്ലന്‍ താമസിക്കുന്നത്.
നിലവില്‍ അഞ്ചര ഏക്കറോളം പാടത്ത് മുല്ലൻ കൃഷിയിറക്കുന്നുണ്ട്. ഉമ, പൊന്മണി ഇനം വിത്തുകളാണ് കൃഷിയിറിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി അദ്ദേഹം ബാബുവിനേയും കൂട്ടരേയും ഞാറ് പറിക്കാനും നടാനുമായി വിളിക്കുന്നു.
20 മുടി ചേര്‍ന്നാലാണ് ഒരു കുണ്ടയാകുന്നത്. മുടി എന്നു പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ മുടി കയ്യില്‍ പിടിച്ചാല്‍ എത്ര കിട്ടുമോ അത്രത്തോളം വരുമത്. പണ്ട് കാലത്ത് പത്ത് രൂപയായിരുന്നു ഒരു കുണ്ടക്ക് കൊടുത്തിരുന്നത്. എന്നാല്‍ ഇന്ന് 25 രൂപയാണ് ഒരു കുണ്ട നെല്ല് പറിക്കാന്‍ കര്‍ഷകന് ചെലവാകുന്നത്.
എന്നാല്‍ ഈ കണക്ക് ബംഗാളികളില്‍ ബാധകമല്ല. അവര്‍ വലിയ കെട്ടാക്കി ഞാറിനെ മാറ്റുന്നു. അതുപോലെ മലയാളികള്‍ കുണ്ടക്ക് കൂലി വാങ്ങിയിരുന്ന സ്ഥാനത്ത് ബംഗാളികള്‍ ഏക്കറ് കണക്കിനാണ് കൂലി വാങ്ങുന്നത്. ഏക്കറിന് 4000 രൂപയാണ് ബംഗാളികള്‍ക്ക് നല്‍കുന്നത്. നേരെ മറിച്ച് മലയാളികള്‍ ആണെങ്കില്‍ അതില്‍ കൂടുതല്‍ ചെലവാകുമെന്നും കര്‍ഷകര്‍ പറയുന്നു.
“ബംഗാളി തൊഴിലാളികള്‍ പത്ത് പേരുണ്ടെങ്കില്‍ നാല് ഏക്കറ് നടല് കഴിഞ്ഞ് അവരങ്ങ് പോകും. നേരെമറിച്ച് മലയാളികള്‍ മുപ്പതോ നാല്‍പ്പതോ പേരുണ്ടെങ്കിലും നാല് ഏക്കറ് നടല്‍ കഴിയില്ല,” മുല്ലന്‍ വിശദീകരിച്ചു.
ഇന്നത്തെ കാലത്ത് ഒരുപാട് പേര്‍ക്ക് ഈ തൊഴിലിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് ഈ പണിക്ക് നില്‍ക്കേണ്ട ആവശ്യവുമില്ല. കൂടുതല്‍ വേതനം ലഭിക്കുന്ന ജോലിക്ക് പോകുന്നവരാണ് പലരും. പിന്നെ ഉള്ളത് അറിയാവുന്നവര്‍ പ്രായമായവരാണ്. അവര്‍ക്കാണെങ്കില്‍ വെയിലത്ത് നിന്ന്, ചേറില്‍ നിന്ന് പണിയെടുക്കാന്‍ കഴിയാത്ത അവസ്ഥയും. വെള്ളത്തില്‍ അധികം നേരം നില്‍ക്കുന്നത് വഴി ശരീരത്തിന് പല തരം ബുദ്ധിമുട്ടുകളും അവര്‍ക്ക് ഉണ്ടാകാനുള്ള സാഹചര്യങ്ങളുണ്ട്. — അദ്ദേഹം വ്യക്തമാക്കി.
*
ബംഗാളികളുടെ പണിയിലും ഒരു പ്രശ്‌നമുണ്ടെന്ന് മുല്ലന്‍ പറയുന്നു.
“ബംഗാളികള്‍ പണി തീര്‍ക്കാനായി അടുപ്പിച്ചല്ല ഞാറ് നടുന്നത്. മലയാളികള്‍ അത് വളരെ വെടിപ്പായി ചെയ്യും.”
ഇത്തരത്തിലുള്ള അനുഭവം തങ്ങളും നേരിട്ടിട്ടുണ്ടെന്ന് ആറങ്ങോട്ടുകര കൃഷി പാഠശാല നടത്തി വരുന്ന (കര്‍ഷക സംഘം) ശ്രീജ കെ.വി പറയുന്നു. നാടക പ്രവര്‍ത്തകയും ഇന്‍കം ടാക്‌സ് വകുപ്പിലെ ഉദ്യോഗസ്ഥയുമാണ് അവര്‍.
ആദ്യമെല്ലാം ബംഗാളി തൊഴിലാളികളെ വിളിച്ചപ്പോള്‍ പെട്ടെന്ന് പണി കഴിയുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ഞാറുകള്‍ തമ്മിലുള്ള ഇടവേള ശ്രദ്ധിക്കുന്നത്. മലയാളികള്‍ അടുപ്പിച്ചാണ് ഞാറുകള്‍ നടുക. നമുക്കതാണ് വേണ്ടത്. എന്നാല്‍ മലയാളികള്‍ അഞ്ച് ഞാറ് നടുന്ന സ്ഥലത്ത് ബംഗാളികള്‍ രണ്ടെണ്ണം മാത്രമേ നടൂ. പണി വേഗത്തില്‍ കഴിയുന്നതും അതുകൊണ്ടാണ്. അന്നത്തെ സംഭവത്തിന് ശേഷം അവരോടത് കൃത്യമായി ബോധിപ്പിച്ചു. പിന്നീടതിനു ശേഷം കൃത്യമായി തന്നെ ചെയ്യാറുണ്ട്. ഇത്തവണ ഞാറ് നടുന്നത് കഴിഞ്ഞപ്പോഴെല്ലാം വളരെ അടുത്ത് അടുത്ത് തന്നെയാണ് ഞാറുകള്‍ എല്ലാം നട്ടിരിക്കുന്നത്. — ശ്രീജ വ്യക്തമാക്കി.
*
ആറങ്ങോട്ടുകര കൃഷി പാഠശാല കർഷകസംഘം 2000ത്തില്‍ കൃഷി തുടങ്ങുമ്പോള്‍ കൃഷിക്കാര്‍ വളരെയധികം കുറവായിരുന്നു. പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി.
നിലവില്‍ ജൈവകൃഷി നടത്തി വരുന്ന ഇവരുടെ നേതൃത്വത്തില്‍ പത്ത് ഇരുപതോളം സ്ത്രീകള്‍ ഞാറു നടാന്‍ സ്ഥിരമായി എത്തുന്നുണ്ട്. എന്നാലും വീട്ടില്‍ നിന്നും ദൂരെയുള്ള പാടത്ത് ഞാറു നടാന്‍ ബംഗാളികളെയാണ് ഏല്‍പ്പിച്ചത്.
കൂടെ പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ പലരും അമ്പത് വയസിന് മുകളിലുളളവരാണെന്നും അവരുടേയെല്ലാം കാലശേഷം ഈ പണിക്ക് ഇറങ്ങാന്‍ ആളെ കിട്ടാതെയാകുമെന്നും ശ്രീജക്ക് ആശങ്കയുണ്ട്.
ചെറുപ്പക്കാരെല്ലാം തന്നെ പുതിയ അവസരങ്ങൾ തേടി പോകുമ്പോള്‍ അടിസ്ഥാനപരമായി ഏതൊരാള്‍ക്കും അറിഞ്ഞിരിക്കേണ്ട സ്വായത്തമാക്കേണ്ട ഇത്തരം വിദ്യകളില്‍ ആരും ആകൃഷ്ടരായി കാണപ്പെടുന്നില്ലെന്ന നിരാശയും അവരുടെ മുഖത്തുണ്ട്.
2005 ഓടു കൂടി വടക്കേ ഇന്ത്യക്കാരായ തൊഴിലാളികളുടെ കടന്നു വരവ് ആരംഭിച്ചു. സാധാരണ മലയാളികള്‍ക്ക് 250 രൂപ കൂലി കൊടുക്കേണ്ട നേരത്ത് അവര്‍ 150ഉം 100 രൂപയുമാണ് ദിവസക്കൂലിയായി വാങ്ങിച്ചത് എന്നത് മലയാളികളെ ഇതില്‍ നിന്നും പിന്തിരിയാനുള്ള ഒരു കാരണമായി.
മറ്റൊരു കാരണം നിര്‍മ്മാണ മേഖല വികസിച്ചു എന്നതാണ്. ദിവസക്കൂലി 600 മുതല്‍ 700 രൂപ വരെ ലഭിച്ച് തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ പലരും അങ്ങോട്ടേക്ക് പോയി എന്നതാണ് പ്രധാന കാരണമായി അവര്‍ അഭിപ്രായപ്പെടുന്നത്.
“മലയാളികള്‍ പൊതുവേ സാമ്പത്തിക ഭദ്രത ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് കൂടുതല്‍ അഭിമാനം തോന്നുന്ന ജോലികള്‍ ചെയ്യുന്നതില്‍ ആകൃഷ്ടരായി അവര്‍ പോയി.” ശ്രീജ പറയുന്നു.
എന്നാല്‍ മലയാളി പണിക്കാര്‍ നന്നായി അധ്വാനിക്കുന്നവരാണെന്നും ഞാറു നടല്‍ പണി വളരെയധികം ബുദ്ധിമുട്ടേറിയതുമാണെന്ന് അവര്‍ പറയുന്നുണ്ട്.
‘സാധാരണ ഒമ്പത് മണിക്ക് പണിക്ക് കയറിയാല്‍ അഞ്ച് അഞ്ചര വരെ നട്ടപ്പൊരു വെയിലത്താണ് അവര്‍ പണിയെടുക്കുന്നത്. ഈ സമയത്തിനിടക്ക് അവര്‍ക്ക് വെറുതെ ഇരിക്കാന്‍ കിട്ടുന്നത് ഒന്നര മണിക്കൂര്‍ മാത്രമാണ്. മഴയുണ്ടെങ്കില്‍ ആ മുഴുവന്‍ മഴയും കൊണ്ട് പണിയെടുക്കേണ്ട അവസ്ഥയും ഉണ്ട്.’
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പണിക്കാരെ നിരീക്ഷിച്ച് വരുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. മലയാളികള്‍ക്ക് ഞാറ് പറിക്കുന്നതില്‍ അധികം വേഗത ഇല്ല. എന്നാല്‍ ഞാറ് നടുന്നതില്‍ വളരെ വേഗത ഉണ്ട്താനും. അതായത് ഇരുപത് മുടി ചേരുമ്പോഴാണ് ഒരു കുണ്ട എന്ന് പറയുന്നത്. മലയാളികള്‍ ഈ മുടിയെല്ലാം എണ്ണി തിട്ടപ്പെടുത്തിയാണ് ഞാറ് പറിക്കുക. അപ്പോള്‍ സമയം നഷ്ടമാകുന്നു. ബംഗാളികള്‍ക്ക് അതില്ലാത്തതിനാല്‍ വളരെ പെട്ടെന്ന് തന്നെ ഓരോ കെട്ട് കെട്ടായി ഞാറുകള്‍ പറിച്ച് കെട്ടി വെക്കാനായിട്ട് സാധിക്കും. ബംഗാളികള്‍ക്ക് അവരുടെ നാട്ടില്‍ ഈ പണി ചെയ്ത് ശീലമുണ്ട്. അവരുടെ രക്തത്തില്‍ ഇത്തരം പണികള്‍ ലയിച്ച് ചേര്‍ന്നിരിക്കുന്നു. എന്നാല്‍ ഇന്നത്തെ മലയാളികള്‍ക്ക് അതെല്ലാം മറന്നു പോയി. അവരതെല്ലാം പഠിച്ച് എടുക്കാന്‍ ശ്രമിക്കുന്നതും ഒരുപാട് സമയ നഷ്ടമുണ്ടാക്കും. — ശ്രീജ പറയുന്നു.
‘ശരിക്കും ഞാറ് നടാന്‍ യന്ത്രങ്ങള്‍ നല്ലതാണ്. പക്ഷേ വളവ്, തിരിവ് ഭാഗങ്ങളില്‍ ഞാറ് പിടിക്കില്ല. അത്തരം അവസ്ഥ ഉണ്ടായാല്‍ ആ ഭാഗത്ത് വീണ്ടും മനുഷ്യര് തന്നെ ഇറങ്ങി പണിയെടുക്കേണ്ടി വരും. അതുപോലെ വെള്ളം കുറച്ച് കൂടിയാലും ഞാറ് നട്ടാല്‍ പിടിക്കില്ല. ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്നത് ഉപേക്ഷിച്ചത്.’– ശ്രീജ കെവി വ്യക്തമാക്കി.
പതിനഞ്ച് ഏക്കറിലധികം കൃഷി ചെയ്യുന്ന ശ്രീജ, നാടന്‍ വിത്തുകള്‍ സംരക്ഷിക്കാനായി പതിനഞ്ചിലേറെ പഴയ വിത്തുകളാണ് നടുന്നത്. തവളക്കണ്ണന്‍, കറുത്ത നവര, വെളുത്ത നവര, ജീരകശാല, ഗന്ധക ശാല, പൊന്നി, കുറുവ, കുട്ടാടന്‍ തുടങ്ങി കര്‍ണാടകയിലെ നാടന്‍ വിത്തിനമായ കാലാ ചീരയും അതില്‍ ഉള്‍പ്പെടുന്നു.
‘അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യമാണ് ഭക്ഷണത്തിന് വേണ്ടിയുള്ള വസ്തുക്കള്‍ കൃഷി ചെയ്യുക എന്നത്. അതുപോലെ ആദ്യത്തെ അടുക്കള എന്ന് പറയുന്നത് സസ്യങ്ങളാണ്. പച്ചിലകളാണ് പ്രകൃതിയിലെ അടുക്കളയെന്ന് നമ്മള്‍ പഠിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ ആ അടുക്കളയെ സംരക്ഷിക്കാതെ നമ്മുടെ വീടുകളിലുള്ള അടുക്കളയെ സംരക്ഷിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു റോക്കറ്റ് എങ്ങനെ പോകുന്നു എന്ന് തുടങ്ങി ലോകത്തിലെ സകല കാര്യങ്ങളെ കുറിച്ചും നമുക്ക് അറിയാം. അത് വേണ്ടത് തന്നെയാണ്, വേണ്ട എന്ന് പറയുന്നില്ല. എന്നാല്‍ അടിസ്ഥാനപരമായിട്ടുള്ള, കൃഷിയുമായി സംബന്ധിച്ച പല കാര്യങ്ങളും പലര്‍ക്കും അറിയുന്നില്ല. ആ ചിന്താഗതിയും കാഴ്ചപ്പാടും മാറണം. ഒരു കുട്ടി ഭാഷ പഠിക്കുന്നത് പോലെ സ്വായത്തമാക്കേണ്ട ഒന്നാണ് കൃഷി.’– ശ്രീജ കൂട്ടിച്ചേര്‍ത്തു.
****