കോഴിക്കട്: ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ കാരിക്കേച്ചർ കവർ ചിത്രമാക്കിയതിനേ തുടർന്ന് ഡി.വൈ.എഫ്.ഐ മാസിക യുവധാരക്കെതിരേ വിമർശനം. ഒക്ടോബർ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ കവർ ചിത്രത്തിനെതിരെയാണ് വിമർശനം ഉയർന്നരിക്കുന്നത്. ഇ-ബുൾജെറ്റ് സഹോദരന്മാരുടെ കരയുന്ന കാരിക്കേച്ചർ ചിത്രമാണ് കവറായി നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് സഹോദരങ്ങളുടെ ആരാധകരിൽ നിന്നടക്കം വിമർശനം ഉയരുന്നത്.
അരാഷ്ട്രീയ ആൾക്കൂട്ടത്തിന്റെ ഡിജിറ്റൽ വ്യവഹാരങ്ങൾ ഒക്ടോബർ ലക്കം യുവധാര മാസികയിൽ വായിക്കാം എന്ന കുറിപ്പോടെ യുവധാരയുടെ കവർ ചിത്രം ഡിവൈഎഫ്ഐ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. മോഡിഫൈ ചെയ്ത വാഹനത്തിനുള്ളിലിരുന്ന് ഇ-ബുൾജെറ്റ് സഹോദരന്മാരിലൊരാൾ കരയുന്ന ഇവരുടെ ചിത്രമാണ് നൽകിയിരിക്കുന്നത്.
കവർ പേജിൽ ഇങ്ങനെ അടച്ചാക്ഷേപിക്കാൻ മാത്രം എന്ത് പാതകമാണ് ഇവർ ചെയ്തതെന്നാണ് ഒരാൾ ചോദിച്ചത്. വ്യക്തിഹത്യാ രൂപത്തിൽ അവരുടെ ഫോട്ടോയും വാഹനവും ദുരുപയോഗം ചെയ്യുന്നതിനോട് വിയോജിക്കുന്നുവെന്നും കമന്റുകൾ ഉണ്ടായി. കവർ പേജിന് നിലവാരം ഇല്ലെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ ഇവരുടെ ചിത്രം ഉപയോഗിക്കുന്നതിനെ ചിലർ വിമർശിച്ചു. യുവധാരയുടെ കവർ ചിത്രമായി ഇ-ബുൾ ജെറ്റിനെ ബൂസ്റ്റ് ചെയുന്നരീതിയിൽ അച്ചടിക്കരുതായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം.
” ഒത്തിരി യൂട്യൂബ് ഫോളോവേഴ്സ് കയ്യിലുണ്ടെന്ന നെഗളിപ്പും താന്തോന്നിത്തരവുമൊക്കെ കാണിച്ചെങ്കിലും നിയമം ലംഘിച്ചതിന് പിഴയും ലൈസൻസ് റദ്ദാക്കലും ഒക്കെ ചെയ്യുന്നതിനുമപ്പുറം ഡിവൈഎഫ്ഐയുടെ മുഖമാസികയിൽ കവർ പേജിൽ തന്നെ ഇങ്ങനെ അടച്ചാക്ഷേപിക്കാൻ മാത്രം എന്ത് പാതകമാണ് ഇവർ ചെയ്തത് ? രാഷ്ട്രീയം മറയാക്കി സ്വർണ്ണക്കടത്തും കൊട്ടേഷനുമായി വിലസുന്ന ചെറുപ്പക്കാരോളം അരാഷ്ട്രീയ വാദികളാണൊ ഇവർ ? സമൂഹം ഏറെ ചർച്ച ചെയ്യപ്പെട്ട ആ ക്രിമിനലുകളുടെ ചിത്രമായിരുന്നു അങ്ങനെയെങ്കിൽ ഡിവൈഎഫ്ഐ കൊടുക്കേണ്ടി ഇരുന്നത് ” – ഒരാൾ രോഷത്തോടെ പ്രതികരിച്ചു.
Content Highlights:E Bull Jet brothers in DYFIs yuvadhara magazine