കോഴിക്കോട്: മലബാറിന്റെ സീറ്റീഫൻ ഹോക്കിങ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പെരുവണ്ണാമൂഴിയിലെ ജോൺസൺ എന്ന ഭിന്ന ശേഷിക്കാരനെ അറിയാത്തവർ ചുരുക്കമായിരിക്കും. ജന്മനാ പോളിയോ ബാധിച്ച് വീൽചെയറിലായിപ്പോയ ജോൺസൺ തന്റെ പരിമിതികളെമാറ്റിവെച്ച് സി.എഫ്.എല്ലിനെതിരേസമരം ചെയ്ത് പകരം എൽ.ഇ.ഡി ബൾബുകൾ സ്വന്തമായി ഉണ്ടാക്കിപ്രചരിപ്പിച്ചായിരുന്നുകേരളമാകെ ശ്രദ്ധേയനായത്. ഇതേ ജോൺസൺ ഒരിക്കൽ കൂടെ സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനൊരുങ്ങുകയാണ്. സോളാർ കെണിയിലൂടെ പന്നിയെ പിടികൂടി വാർത്തയിൽ ഇടം നേടിയതിന് പിന്നാലെ തന്റെ കൃഷിയിടത്തെ അപ്പാടെ ഇല്ലാതാക്കുന്ന കുരങ്ങുകൾക്കെതിരേ സമരത്തിനൊരുങ്ങുകയാണ് ഈ ഭിന്ന ശേഷിക്കാരൻ അതും തെങ്ങിൻ ചുവട്ടിൽ. എട്ടാം തീയതിയാണ് നിരാഹാര സമരമിരിക്കുന്നത്.
ഒന്നരയേക്കർ സ്ഥലമുണ്ട് ജോൺസണ്. അതിൽ 45 തെങ്ങുമുണ്ട്. പക്ഷെ കഴിഞ്ഞ ആറ് വർഷത്തിലധികമായി വീട്ടിൽ കറിവെക്കാൻ പോലും തേങ്ങ വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് താനെന്ന് പറയുന്നു ജോൺസൺ. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ പൂക്കല മുതൽ പറിച്ചെടുക്കാനായ തേങ്ങവരെ അപ്പാടെ നശിപ്പിച്ച് കളയുന്നു. നിരവധി തവണ വനപാലകരോടും മറ്റും ഇതിനൊരു പ്രശ്നപരിഹാരത്തിനായി ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞ് നോക്കാതായതോടെയാണ് തെങ്ങിൻ ചുവട്ടിൽ നിരാഹാര സമരത്തിന് ജോൺസൺ ഒരുങ്ങുന്നത്. ഇതറിയിച്ച് മുഖ്യമന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്. എട്ടാം തീയതി രാവിലെ പത്ത് മണിമുതലാണ് നിരാഹാര സമരമിരിക്കുന്നത്. ഏറെ ശാരീരക പ്രശ്നങ്ങളുള്ള തനിക്ക് സമരത്തിന്റെ ഭാഗമായി എന്തെങ്കിലുംസംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി വനംവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമായിരിക്കുമെന്നും കത്തിൽ പറയുന്നുണ്ട്.
നൂറ് കണക്കിന് കുരങ്ങുകളാണ് തന്റെ കൃഷിയിടത്തിൽ വിലസുന്നതെന്ന് പറയുന്നു ജോൺസൺ. തേങ്ങയ്ക്ക് പുറമെ മറ്റ് വിളകളും കുരങ്ങൻമാർ അകത്താക്കും. എൽ.ഇ.ഡി ബൾബുകൾ നിർമിച്ച് വരുമാനം നേടിയിരുന്ന ജോൺസണേയും കോവിഡ് കാലം തളർത്തിക്കളഞ്ഞു. കൃഷിയിടത്തിൽ നിന്ന് വരുമാനവും ലഭിക്കാതായി. ഇതോടെയാണ് സമരത്തിലേക്ക് പോവാൻ നിർബന്ധിക്കപ്പെട്ടതെന്ന് പറയുന്നു ജോൺസൺ.
പന്നിവേട്ടയും സോളാർ കെണിയിൽ
കൃഷി നശിപ്പിക്കുന്നപന്നികളെ ഏത് വിധേനയുംകൊന്നൊടുക്കാനുള്ള ലൈസൻസും ഈയടുത്ത് ജോൺസണ് ലഭിച്ചിട്ടുണ്ട്. ഈ അധികാരംഉപയോഗിച്ച് സോളാർ കെണിവച്ച് കാട്ടുപന്നിയേയും ജോൺസൺ കഴിഞ്ഞ ദിവസം കൊന്നിട്ടുണ്ട്.
സൂര്യപ്രകാശത്തിൽ ബാറ്ററിചാർജ് ചെയ്ത് രാത്രിയിൽ കാട്ടുപന്നിവരുന്ന വഴിയിലാണ് സോളാർ കെണി ഘടിപ്പിക്കുക. ഇലക്ട്രിക് ഷോക്കേൽക്കുന്ന പന്നികൾ പെട്ടെന്ന് ചാവും. എന്നാൽ മനുഷ്യർക്ക് ഈ വോൾട്ടേജ് കാര്യമായി ഏൽക്കില്ല. സോളാർ ഇൻവെർട്ടറിലെ സർക്യൂട്ടിലും മറ്റും കാര്യമായ മാറ്റം വരുത്തിയാണ് സോളാർ കെണി തയ്യാറാക്കുന്നത്. ഇപ്പോൾ തയ്യാറാക്കിയ ഉപകരണത്തിന് 50,000 രൂപ ചെലവായി. എന്നാൽ കൂടുതൽ നിർമിക്കുമ്പോൾ 10,000 രൂപയേ ചെലവ് വരികയുള്ളൂവെന്നും ജോൺസൺ പറയുന്നു. സർക്കാർ നിർദേശം നൽകിയാൽ ഇത് ഉണ്ടാക്കി നൽകാൻ തയ്യാറാണെന്നും ജോൺസൺ പറയുന്നുണ്ട്.