തിരുവനന്തപുരം > പ്രണയനൈരാശ്യത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ഉടൻ നടപടിയെടുത്ത് ഇരകളുടെ സുരക്ഷ ഉറപ്പാക്കണം. കസ്റ്റഡി മർദനവും കസ്റ്റഡി മരണവും ഉണ്ടാകരുത്. ഇവ സർക്കാർ ഗൗരവമായി കാണും. സ്റ്റേഷനുകളുടെ പ്രവർത്തനമനുസരിച്ചാണ് പൊലീസിന്റെ പ്രതിച്ഛായ രൂപീകൃതമാകുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ എസ്എച്ച്ഒമാർ അന്വേഷിക്കണം. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാകാത്ത എല്ലാ കേസും പ്രത്യേകം അവലോകനം ചെയ്ത് കാരണം ഡിഐജിമാരെ ബോധ്യപ്പെടുത്തണം. ട്രാൻസ്ജെൻഡർ വിഭാഗക്കാരോട് അനുഭാവ സമീപനം സ്വീകരിച്ച്, നിയമപരമായ കാര്യങ്ങൾ ഉറപ്പാക്കണം. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ അടിയന്തര നടപടി സ്വീകരിക്കണം. മുതിർന്ന പൗരന്മാർക്ക് നിയമസഹായം നൽകണം. ജനമൈത്രി പദ്ധതിപ്രകാരം ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരെ സന്ദർശിക്കുന്നത് തുടരണം.
ഇ–-മെയിലിൽ ഉൾപ്പെടെ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളൊന്നും അവഗണിക്കാതെ എല്ലാറ്റിനും നിയമപരമായ പരിഹാരം ഉണ്ടാകണം. ഓൺലൈനിലുൾപ്പെടെയുള്ള മുഴുവൻ പരാതിക്കും രസീത് നൽകണം. ഇതിന്റെ ചുമതല എസ്ഐക്കാകണം. രസീത് നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കും. നടപടി സ്വീകരിക്കാനാകാത്തവയിൽ അക്കാര്യം ചൂണ്ടിക്കാട്ടി മറുപടി നൽകണം. പൊലീസിൽ ആധുനികവൽക്കരണം മുന്നോട്ടു കൊണ്ടുപോകും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ വിപുലീകരണത്തിന് വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. പരാതികളിൽ ഉയർന്ന ഉദ്യോഗസ്ഥർ അനുഭാവപൂർവം കേട്ട് അവരുടെ ക്ഷേമം ഉറപ്പാക്കണം. പൊലീസ് ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകി.